ചെന്നൈ: വിവാദമായ സ്പ്രിങ്ക്ളർ ഇടപാടിനെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കാൻ ഇനിയും കൂടുതൽ സമയമെടുക്കുമെന്ന് അന്വേഷണസമിതി തലവനും മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവൻ നമ്പ്യാർ പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഏറെ ഗൗരവത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്.എളുപ്പത്തിൽ ചെയ്തു തീർക്കാവുന്ന പ്രവൃത്തിയല്ലിത്. വിവര സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം തേടിയിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് എപ്പോൾ സമർപ്പിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല- അദ്ദേഹം പറഞ്ഞു.
ഇടപാടുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കേരള ഹൈക്കോടതിയുടെ മുന്നിലുണ്ടെന്നും അതുകൊണ്ടുതന്നെ പഴുതുകൾ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയാണ് മുന്നോട്ടുനീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായുള്ള സർക്കാരിന്റെ ഇടപാടിൽ അഴിമതിയാരാേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്.