
തിരുവനന്തപുരം: മുന്തിയ പലിശ വാഗ്ദാനം ചെയ്ത് നാല് കോടിയോളം രൂപ പലരിൽ നിന്ന് കടം വാങ്ങിയശേഷം മുങ്ങിയ വീട്ടമ്മയെ പിടികൂടാൻ പൊലീസ് അന്വേഷണം ശക്തമാക്കി.പൊഴിയൂർ വാളാംകുളം സ്വദേശിയായ യുവതിയാണ് പരിചയക്കാരോടും അയൽക്കാരോടും ലക്ഷങ്ങൾ കടം വാങ്ങി മുങ്ങിയത്. വീട് നിർമാണത്തിനെന്ന പേരിലാണ് നൂറോളം പേരിൽനിന്ന് പണം കടം വാങ്ങിയത്. അരലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെയാണ് പലരിൽ നിന്നും വാങ്ങിയത്. തട്ടിപ്പിനിരയായ അമ്പതോളം പേർ തിങ്കളാഴ്‌ച പൊഴിയൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രേഖകൾ ഇല്ലാതെയാണ് ഭൂരിഭാഗം പേരും കടം കൊടുത്തത്. കുറച്ച് പേർക്ക് ചെക്ക് നൽകിയിരുന്നു. മെയ് 28 മുതൽ യുവതിയെ കാണാതായതിനെ തുടർന്നാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്. കടം വാങ്ങിയ തുക വിദേശത്തുള്ള ഭർത്താവിന് അയച്ച് കൊടുക്കുകയും അയാൾ ജോലി സ്ഥലത്ത് പലിശയ്‌ക്ക് കൊടുക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കടം വാങ്ങിയ കാശിന് നേരത്തെ കൃത്യമായി പലിശ നൽകിയിരുന്നെങ്കിലും കൊവിഡ് മൂലം ഭർത്താവിന് ജോലിയും ശമ്പളവും മുടങ്ങിയതോടെ പണവും പലിശയും നൽകാൻ കഴിയാതെപോയതായാണ് തട്ടിപ്പിനിരയായ ചിലരുടെ വെളിപ്പെടുത്തൽ. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്താനായി ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ തെരച്ചിൽ ആരംഭിച്ചതായി പൊഴിയൂർ പൊലീസ് വെളിപ്പെടുത്തി. അതിനിടെ യുവതിയെ കണ്ടെത്തി പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമ്മസമിതി രൂപീകരിച്ചു.