തിരുവനന്തപുരം: സപ്ളൈകോയുടെ മൂന്നു ഡിപ്പോകളിലായി സൂക്ഷിച്ചിരുന്ന ടൺകണക്കിന് റേഷനരി കുത്തക വ്യാപാരികൾക്ക് മറിച്ചുവില്ക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ നീക്കത്തിലും സർക്കാർ അന്വേഷണം തുടങ്ങി. ടെണ്ടർവരെ എത്തിയ ഇടപാട് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് റദ്ദാക്കുകയായിരുന്നു.
1892 ടൺ റേഷൻ അരിയും 627 ടൺ ഗോതമ്പും കേടായെന്ന സപ്ലൈകോയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.
മേൻമയുള്ള അരി കേടായെന്ന് റിപ്പോർട്ട് ചമച്ചാണ് ടെണ്ടറിലേക്ക് കടന്നത്. ഏറ്റവും കൂടിയ തുക കാണിച്ച് ടെൻഡർ നേടിയത് സംസ്ഥാനത്തെ ഒരു അരി വ്യാപാരിയാണ്. പിന്നാലെ,ഒത്തുകളിയാണെന്ന പരാതി ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ ഓഫീസിൽ ലഭിച്ചു.പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടെൻഡർ റദ്ദാക്കുകയും അന്വേഷിക്കാൻ സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഗോഡൗണുകളിൽ അരി അലക്ഷ്യമായി സൂക്ഷിക്കുന്നതിനാൽ കേടുവരാറുണ്ട്. കേടുവരുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി കൂട്ടിയായിരിക്കും ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ കാണിക്കുക. നശിപ്പിക്കാൻ അനുവാദം കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാകും. നല്ല അരി ഒരു തടസവുമില്ലാതെ കരിഞ്ചന്തയിൽ എത്തും. ഗോഡൗണിൽ നിന്നും അരികടത്തുന്ന ഒരുമാർഗം മാത്രമാണിത്. ഗോഡൗണുകളിൽ സംഭരിച്ചിരുന്ന 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായതായും ഇത് മേൻമയുള്ള ധാന്യങ്ങൾ മറിച്ചുവിറ്റശേഷം കരിഞ്ചന്തക്കാരിൽ നിന്നു സംഭരിച്ചതാണെന്നാണ് സൂചനയെന്നും കേരളകൗമുദി ഇന്നലെ മുഖ്യവാർത്തയായി റിപ്പോർട്ട് ചെയ്തിരുന്നു.
ഒത്തുകളിക്ക് പുതിയ തന്ത്രങ്ങൾ
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ എഫ്.സി.ഐയിൽ നിന്നും അരിയെടുത്ത് റേഷൻകടളിലെത്തിച്ചിരുന്ന മൊത്ത വ്യാപാരികളെ ഒഴിവാക്കി സപ്ലൈകോയെ ഏർപ്പിക്കുകയായിരുന്നു. സംഭരണം വിതരണവും സപ്ലൈകോയുടെ നിയന്ത്രണത്തിലായിട്ടും കാര്യങ്ങളെല്ലാം പഴയപടി തന്നെ. സ്വന്തമായി ഗോഡൗൺ ഇല്ലാത്തതിന്റെ പേരിൽ പഴയ മൊത്തവ്യാപാരികളുടെ ഗോഡൗണിൽ തന്നെ അരി സൂക്ഷിച്ചു. അതിന് സർക്കാർ വാടക നൽകി. റേഷൻകടകളിൽ ധാന്യം എത്തിച്ച് തൂക്കി നൽകാൻ വേണ്ടിയാണ് വാതിൽപ്പടി വിതരണം നടപ്പിലാക്കിയത്. എന്നാൽ അതും അട്ടിമറിച്ച് വിതരണം ഗോഡൗണുകളിലാക്കി. വാതിൽപ്പടി വിതരണത്തിന്റെ കരാർ അവസാനിച്ച് ആറു മാസമായിട്ടും പുതുക്കിയിട്ടില്ല.
ഡിപ്പോയും ഗോഡൗണും
ഡിപ്പോകൾ സപ്ളൈകോ നേരിട്ട് നടത്തുന്നവ. സംസ്ഥാനത്ത് 57 എൻ.എഫ്.എസ്.എ ഡിപ്പോകൾ. ഒരു ഡിപ്പോയ്ക്ക് കീഴിൽ അഞ്ച് ഗോഡൗണുകൾ.ഗോഡൗണുകൾ സ്വകാര്യവ്യക്തികളുടേത്.മൊത്തം ഗോഡൗഡുകൾ 230.