ന്യൂഡൽഹി: കൊടുത്താൽ പതിന്മടങ്ങായി തിരിച്ചുകിട്ടുമെന്ന് വ്യക്തമായതോടെയാണ് കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് പിന്മാറാൻ ചൈന തയ്യാറായത്. കണ്ണുരുട്ടിയും കൈയൂക്കുകാട്ടിയും ഇന്ത്യയെ വിറപ്പിക്കാനായിരുന്നു ചൈനയുടെ ശ്രമം. ഒരു മുന്നറിയിപ്പും നൽകാതെ ഇന്ത്യൻ പ്രദേശത്ത് കടന്നുകയറി സൈനികരെ ആക്രമിച്ചു.ഇന്ത്യൻ സൈനികർ പേടിച്ചില്ല. അതേ നാണയത്തിൽ അവർ തിരിച്ചുകൊടുത്തു.ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതിലേറെ ആൾ നാശം ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ ഇക്കാര്യം ആദ്യമൊന്നും സമ്മതിക്കാൻ ചൈന തയ്യാറായില്ല.ഒടുവിൽ കഴിഞ്ഞദിവസമാണ് തങ്ങളുടെ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചത്. മേഖലയിൽ സംഘർഷം കടുക്കാതിരിക്കാനാണ് ഇതുവരെ മരണസംഖ്യ പുറത്തുവിടാത്തതെന്നാണ് ചൈന പറയുന്നത്. നാൽപ്പതിലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ സൈന്യം വിലയിരുത്തുന്നത്.
ഗാൽവൻ താഴ്ചവരയിൽ ഇന്ത്യൻ സൈനികരെ ചൈന ശരിക്കും ചതിയിൽപ്പെടുത്തുകയായിരുന്നു. പ്രകോപനം തുടങ്ങിയിട്ട് നാളുകൾ കുറച്ചായെങ്കിലും ഇത്തരമൊരു നടപടി ചൈനയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല. അതാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇത്രയധികം ആൾ നാശം കൂടാൻ കാരണമായതും. അതിർത്തിയിൽ കടന്നുകയറുന്നതിനൊപ്പം ഇന്ത്യയുമായി നല്ലബന്ധത്തിലായിരുന്ന നേപ്പാൾ തുടങ്ങിയ രാജ്യങ്ങളെ ചാക്കിലാക്കി ഇന്ത്യക്കെതിരെ തിരിക്കാനും ചൈന ശ്രമം നടത്തി.അതിൽ അവർ ഏറക്കുറെ വിജയിക്കുകയും ചെയ്തു.
ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കാൻ സൈന്യത്തിന് സർവ സ്വാതന്ത്ര്യവും കേന്ദ്രം നൽകിയിരുന്നു. യുദ്ധവിമാനങ്ങളടക്കം എത്തിച്ച് അതിർത്തിയിൽ സർവസജ്ജമായാണ് ചൈനയെ അറിയിക്കുകയും ചെയ്തു. പർവത നിരകളിൽ പരിശീലനം ലഭിച്ച പ്രത്യേക സൈനികരെയും ഇന്ത്യ ഇതിനായി രംഗത്തിറക്കിയിരുന്നു. ഇതോടെ കാര്യങ്ങൾ അത്രപന്തിയല്ലെന്ന്ചൈനയ്ക്ക് വ്യക്തമായി.
സൈനിക നടപടികൾക്കൊപ്പം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കങ്ങളും ചൈനീസ് കമ്പനികളുമായുള്ള കരാറുകളിൽ നിന്ന് ഇന്ത്യൻ സ്ഥാപനങ്ങളും കമ്പനികളും വൻതോതിൽ പിൻവാങ്ങിയതും മാറിച്ചിന്തിക്കാൻ ചൈനയെ പ്രേരിപ്പിച്ചു എന്നാണ് കരുതുന്നത്. എന്നാൽ ചൈനയുടെ ഇപ്പോഴത്തെ തീരുമാനത്തെ പൂർണമായും വിശ്വസിക്കരുതെന്നാണ് നയതന്ത്ര രംഗത്തുള്ളവർ പറയുന്നത്. ഒരടി പിൻവാങ്ങിയശേഷം രണ്ടടി കടന്നുകയറുന്നതാണ് ചൈനീസ് രീതി.അതിവിടെയും തുടർന്നേക്കാമെന്നാണ് അവർ കണക്കുകൂട്ടുന്നത്.