റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന ടൺ കണക്കിനു അരിയും ഗോതമ്പും കേടായെന്ന വാർത്ത റേഷൻ വിതരണത്തിൽ നടമാടുന്ന ക്രമക്കേടുകൾ അറിയാവുന്നവരെ അത്ഭുതപ്പെടുത്താനൊന്നും പോകുന്നില്ല. ഗോഡൗണുകളിൽ നിന്ന് ലോഡ് കണക്കിനു ധാന്യങ്ങൾ കരിഞ്ചന്തയിലേക്കു പോകുന്നത് അസഹനീയമായപ്പോഴാണ് അതു തടയാൻ ഫലപ്രദമായ നടപടികളുണ്ടായത്. റേഷൻ കടകളിൽ ഇ - പോസ് സമ്പ്രദായം വരികയും എല്ലാറ്റിനും കൃത്യത ഉണ്ടാവുകയും ചെയ്തത് റേഷൻ വിതരണ രംഗത്ത് വലിയ മാറ്റങ്ങളാണു കൊണ്ടുവന്നത്. റേഷൻ കടകൾക്ക് എത്തിച്ചിരുന്ന ധാന്യങ്ങളുടെ അളവിലും തൂക്കത്തിലും ഇപ്പോഴും ചില്ലറ പരാതികളൊക്കെ ഉയരാറുണ്ടെങ്കിലും പൊതുവിൽ സ്ഥിതി പണ്ടത്തെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടുവെന്ന പ്രതീതിയാണുള്ളത്. ഇതിനിടയിലും അഴിമതിക്കും ക്രമക്കേടിനും പുതു വഴികൾ കണ്ടെത്താനുള്ള ശ്രമം അഭംഗുരം തുടരുന്നുവെന്നതിന്റെ തെളിവാണ് ഗോഡൗണുകളിലെ ധാന്യശേഖരത്തിൽ കാണപ്പെട്ട തിരിമറികൾ സംബന്ധിച്ച റിപ്പോർട്ട്. റേഷൻ കടകൾക്ക് വിതരണം ചെയ്യാനുള്ള ഗുണമേന്മയുള്ള അരിയും ഗോതമ്പും മാറ്റി തൽസ്ഥാനത്ത് പഴകിയതും ഉപയോഗശൂന്യവുമായ ധാന്യങ്ങൾ വയ്ക്കുകയായിരുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. ഈ കൊള്ളയ്ക്കു പിന്നിൽ റേഷൻ കരിഞ്ചന്തയിലേർപ്പെട്ടിട്ടുള്ള താപ്പാനകൾ തന്നെയാണത്രെ ഉള്ളത്. ഗോഡൗണിന്റെ ചുമതലക്കാരുൾപ്പെടെ അഴിമതിക്കാരുടെ വലിയൊരു ശൃംഖല തന്നെ ഇതിനു പിന്നിലുണ്ടാവുമെന്നതു തീർച്ചയാണ്. ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്കു പോകുന്ന ധാന്യലോഡുകൾ വഴിമാറി കരിഞ്ചന്തക്കാരുടെ ഗോഡൗണുകളിലേക്കു പോകുന്നതും അവിടെ നിന്ന് അരിമില്ലുകളിലേക്കു രൂപമാറ്റം വരുത്തി ബ്രാൻഡഡ് അരിയാക്കി പൊതുവിപണിയിലെത്തുന്നതുമൊക്കെ പലപ്പോഴും കേട്ടും കണ്ടും അറിഞ്ഞ കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് അനവധി കേസുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഏതെങ്കിലുമൊരാൾ ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. ഉന്നതങ്ങൾ കൂടി അറിഞ്ഞു നടക്കുന്ന തീവെട്ടിക്കൊള്ളയായതുകൊണ്ടാണ് എല്ലാം തേഞ്ഞുമാഞ്ഞുപോകുന്നത്. റേഷൻ കൊള്ളയും വൻതോതിലുള്ള ക്രമക്കേടുകളും കുറയണമെങ്കിൽ അതിലേർപ്പെടുന്നവർ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പിടിക്കപ്പെടുന്നത് ഉദ്യോഗസ്ഥരാണെങ്കിൽ ഏതാനും ആഴ്ചയിലെ സസ്പെൻഷനിൽ ശിക്ഷ ഒതുങ്ങും. കരാറുകാരോ ബന്ധപ്പെട്ട മറ്റാളുകളോ ആണെങ്കിൽ കേസ് എടുത്തെന്നിരിക്കും. ആരോരുമറിയാതെ അവസാനിക്കുകയും ചെയ്യും.
റേഷൻ കടകളിലെത്തുന്ന ധാന്യങ്ങളുടെ ഗുണമേന്മ ഈ അടുത്തകാലം വരെ അത്രകണ്ട് നിഷ്‌കർഷിച്ചിരുന്നില്ല. സൗജന്യമായും കുറഞ്ഞ വിലയ്ക്കും നൽകുന്നതാകയാൽ ജനങ്ങളും അതു സഹിച്ചുകൊണ്ടിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തിലായതോടെ ഈ സ്ഥിതി മാറിയിട്ടുണ്ട്. റേഷൻ ധാന്യങ്ങൾ ഗുണമേന്മയുള്ളതാകണമെന്ന നിബന്ധന നിയമത്തിലുള്ളതാണ്. ഫലത്തിൽ അത് പലപ്പോഴും കടലാസിൽ മാത്രമാണെന്നതു വേറെ കാര്യം. ഗോഡൗണുകളിൽ ധാന്യ സൂക്ഷിപ്പിൽ പുലർത്തുന്ന അശാസ്ത്രീയ സമീപനം കാരണം ധാന്യങ്ങൾ കേടാകാറുണ്ട്. ദീർഘനാൾ ഒരേ ഇരിപ്പിലിരിക്കുന്ന ധാന്യചാക്കുകൾ ഉപയോഗയോഗ്യമല്ലാതാവുക പതിവാണ്. ഇതിനൊപ്പമാണ് കരിഞ്ചന്തക്കാരുടെ തിരിമറികൾ.
ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 1892 ടൺ അരിയും 627 ടൺ ഗോതമ്പും കേടുവന്ന് നശിച്ചതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കൃത്യമായ കണക്കെടുക്കാൻ ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ സൗജന്യ റേഷൻ നൽകിയ വകയിൽ വൻതോതിൽ ധാന്യങ്ങൾ വിതരണം ചെയ്തതാണ്. ആ നിലയ്ക്ക് പഴകിയ അരിയും ഗോതമ്പും വൻതോതിൽ അവിടെ നീക്കിയിരുപ്പ് കാണേണ്ട സാഹചര്യമില്ല. അതുകൊണ്ടാണ് കരിഞ്ചന്തക്കാരുടെ ഇടപെടലുകൾ സംശയിക്കുന്നത്. റേഷൻ വിതരണത്തിനുള്ള നല്ല അരിയും ഗോതമ്പും കരിഞ്ചന്തയിൽ പോകുന്നത് സർവസാധാരണമായതിനാൽ ഇപ്പോഴത്തെ തിരിമറിക്കു പിന്നിലും അതേ ശക്തികൾ തന്നെയാകും ഉള്ളത്. ഈ സാമൂഹ്യവിരുദ്ധ ശക്തികളെ കണ്ടെത്തി നീതിപീഠത്തിനു മുമ്പിൽ കൊണ്ടുവരേണ്ട കാര്യത്തിൽ ഒരു ഉപേക്ഷയും കാണിക്കരുത്.
രാജ്യത്ത് ഏറ്റവും മികച്ച റേഷൻ സമ്പ്രദായത്തിന്റെ പേരിൽ പതിറ്റാണ്ടുകൾക്കു മുമ്പേ ഖ്യാതി നേടിയ സംസ്ഥാനം ഇന്നും ആ പെരുമ നിലനിറുത്തുന്നുണ്ട്. ആനകൾക്കു വരെ ഈ കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകുന്ന സർക്കാർ പാവപ്പെട്ടവർക്കും മറ്റു വിഭാഗങ്ങൾക്കും അന്നം മുടങ്ങാതിരിക്കാൻ ഭീമമായ സംഖ്യയാണ് വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. ദുരിതകാലത്തും റേഷൻ തട്ടിപ്പും വെട്ടിപ്പും നടത്തി സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിക്കുന്ന റേഷൻ കരിഞ്ചന്തക്കാർ സമൂഹത്തിന്റെ ശത്രുക്കൾ തന്നെയാണ്. റേഷൻ മേഖലയിലെ അനാശാസ്യ പ്രവണതകൾ തടയാൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചകളാണ് കരിഞ്ചന്തയ്ക്കും വെട്ടിപ്പിനും അവസരമൊരുക്കുന്നത്. സമൂഹത്തിലെ താഴെ തട്ടിലുള്ളവർ പണിയും കൂലിയുമില്ലാതെ നെട്ടോട്ടമോടുമ്പോൾ 1892 ടൺ അരിയും 627 ടൺ ഗോതമ്പും നശിപ്പിക്കേണ്ടിവരുന്ന സ്ഥിതി മനസ്സാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഇതുസംബന്ധിച്ച് ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ബന്ധപ്പെട്ടവരുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാണ്. ഈ തിരിമറിയുടെ പിന്നാമ്പുറം കണ്ടെത്തുക തന്നെ വേണം. അറിയാതെ കൈതട്ടി താഴെ വീഴുന്ന അരിയിൽ ഒരു മണി പോലും നഷ്ടപ്പെടുത്താതെ പെറുക്കിയെടുക്കുന്നതാണ് മലയാളികളുടെ പാരമ്പര്യം. കരിഞ്ചന്തക്കാരുടെ ഗോഡൗണുകളിൽ ഒളിച്ചു ശേഖരിച്ചിരുന്ന കേടായ ധാന്യങ്ങൾ റേഷൻ ഗോഡൗണുകളിലെത്തിച്ചു മാറ്റിയെടുക്കുന്ന നീചപ്രവൃത്തിക്കു പിന്നിലുള്ള കൊള്ളസംഘങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം തന്നെ വേണ്ടിവരും. ഭക്ഷ്യരംഗത്ത് നല്ലതു മാത്രം നടക്കണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഭക്ഷ്യവകുപ്പുമന്ത്രി വേണം അതിനു മുൻകൈയെടുക്കാൻ.
റേഷൻ കൊള്ളയും വൻതോതിലുള്ള ക്രമക്കേടുകളും കുറയണമെങ്കിൽ അതിലേർപ്പെടുന്നവർ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പിടിക്കപ്പെടുന്നത് ഉദ്യോഗസ്ഥരാണെങ്കിൽ ഏതാനും ആഴ്ചയിലെ സസ്പെൻഷനിൽ ശിക്ഷ ഒതുങ്ങും.