കൊച്ചി: കേന്ദ്രവിദ്യാഭ്യാസാവകാശ നിയമങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനത്തെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം പുനപരിശോധിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതി. നിലവിലുള്ള അദ്ധ്യാപക വിദ്യാ‌ർത്ഥി അനുപാതം ഭേദഗതി ചെയ്യുന്ന പക്ഷം 2013-14 വർഷം മുതൽ നിയമിതരായ ആയിരക്കണക്കിന് അദ്ധ്യാപകരുടെ ഭാവി അപകടത്തിലാക്കും. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളിൽ മാനേജ്മെന്റും അദ്ധ്യാപകസംഘടനകളുമായും ചർച്ച ചെയ്ത് സമവായത്തിലെത്താൻ വിദ്യാഭ്യാസവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. കെ.സി.ബി.സി.വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലിൽ, ജന.സെക്രട്ടറി ജോഷി വടക്കൻ, ട്രഷറ‌ർ ജോസ് ആന്റണി, ഷാജി മാത്യു, ഡി.ആ‌ർ. ജോസ്, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.