baby

കൊച്ചി: അങ്കമാലിയിൽ പിതാവിന്റെ ക്രൂര മർദനത്തിന് ഇരയായ പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് മുലപ്പാൽ കുടിച്ചു.തലച്ചോറിന് പരിക്കേറ്റതിനാൽ തന്നെ ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു

രാവിലെ ആദ്യ മണിക്കൂറുകളിൽ കുട്ടി ബോധം വീണ്ടെടുത്തുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അതിന്റെ സൂചനയെന്നോണം കുഞ്ഞ് വേദന തിരിച്ചറിഞ്ഞ് കരയുകയും കൈകാലുകൾ ഇളക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുട്ടി വലിയ പുരോഗതി നേടിയെന്നാണ് ഡോക്ടർമാർ പറയുന്നത്.

തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്ന് തലയോട്ടിക്കും തലച്ചോറിനുമിടയിലുണ്ടായ രക്തസ്രാവം നീക്കം ചെയ്യുന്ന സങ്കീർണമായ ശസ്ത്രക്രിയയാണ് കുഞ്ഞിന് നടന്നത്. 54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും, പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാൾ കുഞ്ഞിനെതിരെ ക്രൂരമായി പെരുമാറിയത്.