trivandrum

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ബന്ധപ്പെട്ട അഞ്ച് വകുപ്പുകളെ സർക്കാർ ഏകീകരിക്കുന്നു. പഞ്ചായത്ത്, നഗര-ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനിയറിംഗ് എന്നിവ ഒരു കിടക്കീഴിലാവും.

എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ തിരക്കിട്ട ശ്രമം തുടങ്ങി. സ്‌‌പെഷ്യൽ റൂൾസിന്റെ കരട് തയ്യാറാക്കിയെങ്കിലും സ്വാഭാവിക നടപടിക്രമങ്ങൾ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പിനുമുമ്പ് പി.എസ്.സിയുടെ അംഗീകാരം നേടാൻ കഴിയാതാവും. അതിനാൽ അടുത്ത മന്ത്രിസഭായോഗത്തിൽ ഇക്കാര്യം പരിഗണിച്ചേക്കും. ആദ്യം വകുപ്പുകളുടെ ഏകീകരണവും പിന്നീട് ഉദ്യോഗസ്ഥതല ഏകീകരണവും നടത്താനാണ് ഒരുങ്ങുന്നത്.

വകുപ്പുകൾ ഒന്നാവുന്നതോടെ, തദ്ദേശവകുപ്പിനെ പിരിച്ച് പല മന്ത്രിമാർക്കായി നൽകാനാകില്ല. മികവിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ പഞ്ചായത്തിൽ നിന്നും കോർപറേഷനിലും, ഗ്രാമവികസന വകുപ്പിലും നഗരകാര്യ എൻജിനിയറിംഗിലും മാറ്റി നിയമിക്കാം. നിലവിൽ ഇവയിലേതെങ്കിലും ഒരു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചാൽ അതിൽ തന്നെ വിരമിക്കണം. ഏകീകരണത്തിന്റെ ഭാഗമായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് രൂപീകരിക്കുകയും മുനിസിപ്പൽ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി ആക്ടിൽ ഭേദഗതി വരുത്തുകയും ചെയ്തു.

അധികാരി പ്രിൻസിപ്പൽ ഡയറക്ടർ

ഏകീകരണത്തോടെ പഞ്ചായത്ത്, മുനിസിപ്പൽ, നഗരകാര്യ ഡയറക്ടർമാർ, ഗ്രാമവികസന കമ്മിഷണർ തുടങ്ങിയ തസ്തികകൾ ഇല്ലാതാവും. പ്രിൻസിപ്പൽ ഡയറക്ടറാവും അധികാരി. നഗരകാര്യ, ഗ്രാമവികസന ചുമതലകളുള്ള രണ്ട് ഡയറക്ടർമാർ. ജില്ലാ തലങ്ങളിൽ ജോയിന്റ് ഡയറക്ടർമാരും.

ആകെ 30987 ജീവനക്കാർ

പഞ്ചായത്ത് -13404
ഗ്രാമവികസനം - 4905
നഗരകാര്യം -228
മുനിസിപ്പൽ

കോമൺ സർവീസ് -6202
നഗര-ഗ്രാമാസൂത്രണം - 561
തദ്ദേശ എൻജി.- 5458
തൃശൂർ കോർപറേഷൻ

ഇലക്ട്രിക്കൽ വിംഗ് - 229