ബംഗളൂരു: കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ 20 ദിവസത്തേക്ക് ബംഗളൂരു നഗരം പൂർണമായും അടച്ചുപൂട്ടണമെന്ന് കർണാടക മുൻമുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. ചില പ്രദേശങ്ങൾ മാത്രം അടച്ച് സീൽ ചെയ്യുന്നതിന് പകരം നഗരം പൂർണ്ണമായും അടച്ചിടണമെന്ന് കുമാരസ്വാമി ട്വീറ്ററിൽ കുറിച്ചു.
കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങൾ സീൽ ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കെആർ മാർക്കറ്റ്, സിദ്ധാപുര, വിവി പുരം, കലസിപാളയ എന്നിവിടങ്ങളിലാണ് രോഗം പിടിപെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത്. ബംഗളൂരുവിൽ 298 തീവ്രരോഗബാധിത മേഖലകളാണുള്ളത്.
മനുഷ്യജീവനുകൾ വച്ച് കളിക്കുന്നത് നിർത്തുക. കുറച്ചുപ്രദേശങ്ങൾ മാത്രം അടച്ചിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ബംഗളൂരുവിലെ മനുഷ്യജീവനുകൾക്ക് എന്തെങ്കിലും വിലകൊടുക്കുന്നുണ്ടെങ്കിൽ നഗരം പൂർണമായും 20 ദിവസത്തേക്ക് അടച്ചിടണം. അല്ലെങ്കിൽ ബംഗളൂരു മറ്റൊരു ബ്രസീലായി മാറും. സമ്പദ് വ്യവസ്ഥയേക്കാൾ ജനങ്ങളുടെ ജീവനാണ് പ്രധാനമെന്ന് കുമാരസ്വാമി ട്വീറ്റ് ചെയ്തു.