കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് ഏൽക്കേണ്ടിവന്നത് ക്രൂര പീഡനമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ. വെറും 54 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ ഭർത്താവ് മിക്കപ്പോഴും ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് അവർ പറയുന്നത്. തന്റെ കുഞ്ഞല്ല ഇതെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവം നടന്നദിവസം കുഞ്ഞിന്റെ മുഖത്ത് ആഞ്ഞടിച്ചശേഷം കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.
നേപ്പാൾ സ്വദേശിയാണ് കുഞ്ഞിന്റെ അമ്മ. ഭർത്താവിനെ തനിക്ക് വേണ്ടെന്നും നേപ്പാളിലേക്ക് തിരിച്ചുപോണമെന്നുമാണ് അവർ പറയുന്നത്. കുഞ്ഞിന്റെ അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.അതേസമയം, സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം കോലഞ്ചേരിയിലെ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. തലയിൽ കട്ട പിടിച്ച രക്തം ഇന്നലെ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. ഇന്ന് കുട്ടി തനിയെ അമ്മയുടെ മുലപ്പാൽ കുടിച്ച് തുടങ്ങി എന്നാണ് ഡോക്ടർ പറയുന്നത്. പരിക്കേറ്റ ശേഷം ആദ്യമായിട്ടാണ് കുട്ടി തനിയെ മുലപ്പാൽ കുടിക്കുന്നത്