ആര്യനാട്:സ്ഥലപരിമിതികളാൽ വീർപ്പുമുട്ടുന്ന ആര്യനാട് ഗവ.എൽ.പി സ്‌കൂളിൽ രണ്ട് കോടി രൂപയുടെ വികസന പദ്ധതി നടപ്പിലാക്കുന്നു.സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന പുതിയ ബഹുനില മന്ദിരവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയുള്ള വികസന പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് കെ.എസ്.ശബരീനാഥൻ.എം.എൽ.എ അറിയിച്ചു.ഇതിനായി നബാർഡ് ഫണ്ടിൽ നിന്നാണ് രണ്ട് കോടി രൂപ അനുവദിച്ചത്.വികസന പദ്ധതിയുടെ വിശദമായ മാസ്റ്റർ പ്ലാനും എസ്റ്റിമേറ്റ് ഉൾപ്പെടെ തയ്യാറാക്കുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി അധികൃതർ സ്കൂൾ സന്ദർശിച്ചു.കാലപ്പഴക്കം ചെന്ന നിലവിലെ ഓടിട്ട കെട്ടിടം പൊളിച്ചു നീക്കിയാകും ഇരുനിലയിലുള്ള പുതിയ സ്കൂൾ മന്ദിരം നിർമ്മിക്കുന്നത്.ഭരണാനുമതി ലഭിച്ച പദ്ധതിക്ക് വിശദമായ രൂപരേഖ തയ്യാറാക്കിയ ശേഷം സാങ്കേതിക അനുമതി,ടെൻഡർ ഉൾപ്പെടെയുള്ള തുടർ നടപടി പൂർത്തിയാക്കാനുണ്ട്.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമില ബീഗം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ,പി.ഡബ്ലിയു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ധന്യ,പി.ടി.എ പ്രസിഡന്റ് പി.ചന്ദ്രകുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. കെ രാഹുൽ,മഹേശ്വരൻ,അദ്ധ്യാപകർ,പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.