ബീജിംഗ് : കൊവിഡ് അല്ല, ഇനി ഏത് കൊലകൊല്ലി വൈറസ് വന്നാലും ചൈനക്കാർ നന്നാകുമെന്ന് തോന്നുന്നില്ല. പതിവ് പോലെ തന്നെ ഈ വർഷത്തെയും പ്രശസ്തമായ ഡോഗ് ഫെസ്റ്റിവലിന് ചൈനയിൽ ഒരു മുടക്കവുമില്ല. തെക്കൻ ചൈനയിൽ നടത്തുന്ന യൂലിൻ ' ലിച്ചി ആൻഡ് ഡോഗ് മീറ്റ് ' ഫെസ്റ്റിവൽ തുടങ്ങിക്കഴിഞ്ഞു. !
ലോകം മുഴുവൻ കൊവിഡ് പടരുമ്പോഴും, എന്തിന് ചൈനീസ് നഗരമായ ബീജിംഗിൽ വീണ്ടും കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ടും ഡോഗ് ഫെസ്റ്റിവലിന്റെ സംഘാടകർക്ക് യാതൊരു കുലുക്കവുമില്ല. എല്ലാവർഷവും 10 ദിനം നീണ്ടു നിൽക്കുന്ന ഈ ഫെസ്റ്റിവലിൽ 10,000ത്തിലേറെ നായകളെയാണ് ഇറച്ചിയ്ക്കായി കൊല്ലുന്നത്. പൂച്ച ഇറച്ചി, ലിച്ചി പഴങ്ങൾ, മദ്യം എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്.
തെക്കൻ ചൈനയിലെ ഗുവാംഗ്ഷി പ്രവിശ്യയിലെ യൂലിൻ നഗരത്തിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ഫെസ്റ്റിവലിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും യാതൊരു ഫലവുമില്ല.
എല്ലാ വർഷവും ജൂലായ് 21 മുതൽ 30 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. 2009ലാണ് ആദ്യമായി ഈ ഡോഗ് ഫെസ്റ്റിവൽ തുടങ്ങിയത്.
ഉത്തരായനാന്തത്തെ സൂചിപ്പിച്ച് കൊണ്ടാണ് അന്ന് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. നായയുടെ മാംസം ചൈനക്കാർക്ക് അത്ര പുതുമയൊന്നുമല്ല. ചൈനീസ് നാടോടിക്കഥകളിൽ പോലും വേനൽക്കാലത്ത് നായയുടെ മാംസം കഴിക്കുന്നത് ഭാഗ്യവും ആരോഗ്യവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. നായയുടെ മാംസത്തിന് ചില രോഗങ്ങൾ തടയാനുള്ള ശേഷിയുള്ളതായും ചൈനക്കാർക്കിടയിൽ വിശ്വാസമുണ്ട്.
എന്തൊക്കെയായാലും നായയെയും പൂച്ചയെയും പിടിച്ച് അകത്താക്കുന്ന ചൈനക്കാരുടെ ഈ സ്വഭാവം ആർക്കും കണ്ടു നിൽക്കാനാവില്ല. അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനകൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ഫെസ്റ്റിവലിന് തടയിടമെന്ന് മുറവിളി കൂട്ടുന്നുണ്ട്. ഫെസ്റ്റിവലിൽ ആളുകൾ മുന്നിൽ വച്ച് യാതൊരു ദയവുമില്ലാതെ ജീവികളെ കൊല്ലുന്ന കാഴ്ച അതിഭീകരമാണ്. അതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൂടുകളിലും മറ്റും ഈ ജീവികളെ തിങ്ങി നിറഞ്ഞും കാണാം. ചൈനയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വളർത്തു നായകളെ മോഷ്ടിച്ച് മാംസമാക്കി വില്പനയ്ക്ക് കൊണ്ടുവരുന്നവരെയും ഈ ഫെസ്റ്റിവലിൽ കാണാം. നായയുടെ ഇറച്ചി പേ വിഷ ബാധയും കോളറയും പടരുന്നതിന് കാരണമാകുമെന്ന് ചൈനയ്ക്ക് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനക്കാർ അതൊന്നും കേട്ട മട്ടില്ല. !
അതേസമയം, നായയുടെ മാംസം കഴിക്കാത്തവരും ചൈനയിലുണ്ട്. 2016ൽ നടത്തിയ ഒരു സർവേയിൽ 60 ശതമാനം പേർ യൂലിൻ ഫെസ്റ്റിവൽ നിരോധിക്കുന്നതിന് സമ്മതമറിയിച്ചിരുന്നു. ഹൂമൻ സൊസൈറ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 30 ദശലക്ഷം നായകളെയാണ് ചൈന, വിയറ്റ്നാം ഉൾപ്പെടെ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിവർഷം ആഹാരത്തിനായി കൊല്ലുന്നത്.
ഏകദേശം 10 ദശലക്ഷം നായകളെയും 4 ദശലക്ഷം പൂച്ചകളെയുമാണ് ചൈനയിൽ പ്രതിവർഷം കൊല്ലുന്നത്.
ഏപ്രിലിൽ ചൈനയിലെ ഷെൻജെൻ, സൂഹെയ് പ്രവിശ്യകളിൽ നായകളുടെയും പൂച്ചകളുടെയും മാംസം വിൽക്കുന്നതും കഴിക്കുന്നതും നിരോധിച്ചിരുന്നു.