sc

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച പ്ലസ്ടു പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ തീരുമാനം നാളെയുണ്ടാകുമെന്ന് കേന്ദ്രസർക്കാരും സി.ബി.എസ്.ഇയും സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതേതുടർന്ന് പരീക്ഷ ഉപേക്ഷിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി.

പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനം നടപ്പിലാക്കണമെന്ന് ഐ.സി.എസ്.ഇയോട് സുപ്രീം കോടതി വാക്കാൽ നിർദേശിച്ചു. എന്നാൽ തീരുമാനം നിർബന്ധിച്ച് ഐ.സി.എസ്.ഇ ബോർഡിനെ കൊണ്ട് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

മാറ്റിവച്ച പരീക്ഷകൾ ജൂലായ് ഒന്നു മുതൽ പതിനഞ്ച് വരെ നടത്താനാണ് സി.ബി.എസ്.ഇ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇനിയുള്ള പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില രക്ഷാകർത്താക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ ഒഴിവാക്കി പകരം ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പരീക്ഷാഫലം പ്രഖ്യാപിക്കണമെന്ന ശുപാർശ സി.ബി.എസ്.ഇയുടെ പരിഗണനയിലുണ്ട്. കൂടാതെ ഗ്രേഡുകൾ കുറഞ്ഞെന്ന് പരാതിയുള്ള വിദ്യാർത്ഥികൾക്കായി ഈ വർഷം അവസാനത്തോടെ പരീക്ഷ നടത്താനും സി.ബി.എസ്.ഇ ആലോചിക്കുന്നുണ്ട്.