pic

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് ബാധിച്ചത് തിരുവനന്തപുരം നഗരത്തിന് മറ്റൊരു ഭീഷണിയായി. നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുമ്പോഴാണ് ഏറ്റവും കൂടുതൽ രോഗികളെത്തുന്ന മെഡിക്കൽ കോളേജിലെ ജീവനക്കാരന് രോഗം ബാധിച്ചിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനായതിനാൽ ഇദ്ദേഹം ആരൊക്കെയായി സമ്പർക്കം പുലർത്തി എന്നതിന് ഒരു കണക്കുമില്ല. ഇത് ആരോഗ്യ പ്രവർത്തകരെ വിഷമിപ്പിക്കുകയാണ്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ അനവധിപേരുമായി ഇയാൾ അടുത്ത സമ്പർക്കം പുലർത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.

കരിക്കകം സ്വദേശിയായ ഇദ്ദേഹം അത്യാഹിത വിഭാഗം, കാർഡിയോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കായി പുതുതായി രൂപീകരിച്ച സാരി വാർഡ്, പേവാർഡ് കവാടം, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നു. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് നിത്യവും എത്തുന്നത്.


കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം വരാൻ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചെങ്കിലും വിവരം ആരോഗ്യവകുപ്പ് പുറത്തു വിട്ടില്ല. രോഗവിവരം പുറത്തറിയാത്തതുകൊണ്ട് ഇദ്ദേഹത്തിന്റെ വീടുമായി സഹകരിച്ച സമീപവാസികളും ആശങ്കയിലാണ്. കരിക്കകം പ്രദേശത്ത് വിപുലമായ സമ്പർക്കവലയമുള്ള ഇദ്ദേഹവുമായി സഹകരിച്ചവരൊക്കെ രോഗഭീതിയിലായി.

ഇടപഴകിയ സഹപ്രവർത്തകരായ സെക്യൂരിറ്റി ജീവനക്കാർ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ആശുപത്രിയിലെ വലിയൊരു വിഭാഗം ജീവനക്കാർ നിരീക്ഷണത്തിലാണ്. സെക്യൂരിറ്റി ഡ്യൂട്ടിക്കിടയിൽ അടുത്ത് സംസാരിക്കേണ്ടി വന്ന സന്ദർശകരും അനവധിയാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങളില്ല. ഇത് സമൂഹവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ.രോഗലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടിയ കടകംപളളി പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ച് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവിടുത്തെ ജീവനക്കാർ വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട നഗരസഭ സോണൽ ഓഫീസും അടച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച രണ്ടാമത്തെ ജീവനക്കാരനാണ് ഇദ്ദേഹം. ആദ്യം ഐസൊലേഷൻ വാർഡിലെ ഡാറ്റാ ഓപ്പറേറ്റർക്കാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാർക്ക് തന്നെ കൊവിഡ് ബാധിക്കുന്നത് ജീവനക്കാരെയും ഒപ്പം ആശുപത്രിയിൽ എത്തുന്ന രോഗികളെയും ആശങ്കയിലാക്കുകയാണ്.