തിരുവനന്തപുരം: തോട്ടം ഭൂമിയിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ അനുവദിക്കാമെന്ന നിലപാട് രാഷ്ട്രീയമായി ഇടതുമുന്നണിക്കും സർക്കാരിനും തിരിച്ചടിയാവും. തങ്ങളുടെ മുൻഗാമികൾ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിൽ
ഇപ്പോഴത്തെ ഇടതുസർക്കാർ വെള്ളംചേർക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാടിന് വിരുദ്ധമാണ്. തോട്ടഭൂമിയിൽ കൃഷി അനുവദിക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിച്ചപ്പോഴെല്ലാം ഭൂപരിഷ്കരണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഇടതുപക്ഷം ചെറുത്തു.
ഇപ്പോൾ സി.പി.എം അനുകൂലിക്കുകയും കൃഷിമന്ത്രിയും സി.പി.ഐ പ്രതിനിധിയുമായ വി.എസ്. സുനിൽകുമാർ മുന്നിട്ടിറങ്ങുകയും ചെയ്തതിനാൽ ഇരുപാർട്ടികൾക്കും ഇടയിൽ ഇക്കാര്യത്തിൽ ഭിന്നതയില്ല.
ഭൂപരിഷ്കരണ നിയമത്തിന്റെ അടിസ്ഥാന നയങ്ങൾക്ക് വിരുദ്ധമാണെന്ന് ഇടതനുഭാവികൾ ചിന്തിക്കുന്നുണ്ട്.
1957ൽ ഭൂപരിഷ്കരണം കൊണ്ടുവരുമ്പോൾ കോൺഗ്രസും പി.എസ്.പിയുമെല്ലാം എതിർത്തത് കാർഷികോല്പാദനം കുറയുമെന്ന വാദം ഉയർത്തിയാണ്. ഇപ്പോൾ കാർഷികോൽപ്പാദനം കൂട്ടാൻ തോട്ടങ്ങളിൽ കൃഷി വേണമെന്ന് പറയുമ്പോൾ അന്നത്തെ പ്രതിപക്ഷത്തിന്റെ വാദം ശരിയാണെന്ന് വരുന്നു. കൃഷി കുറഞ്ഞതിന്റെ കാരണക്കാർ ഇടതുപക്ഷമാണെന്ന ആക്ഷേപമാണ് കേൾക്കേണ്ടിവരുന്നത്.
ഭൂപരിഷ്കരണ നിയമത്തിലൂടെ 15 ഏക്കറിൽ കൂടുതലുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാർ ഏറ്റെടുത്ത് കുടിയാന്മാർക്ക് വിതരണം ചെയ്യുകയുമായിരുന്നു. എന്നാൽ തോട്ടഭൂമിയെ ഒഴിവാക്കി. റബ്ബർ, ഏലം. തേയില, കാപ്പി, കൊക്കോ തുടങ്ങിയ നാണ്യവിള ഭൂമിയാണ് ഒഴിവാക്കിയത്.
ഇപ്പോൾ തോട്ടഭൂമിയിൽ കൃഷി അനുവദിക്കുന്നതോടെ കൃഷിഭൂമിയായതിന്റെ പേരിൽ സ്ഥലം നഷ്ടപ്പെട്ടവരോട് അന്ന് കാട്ടിയത് അന്യായമാണെന്ന വാദം ഉയർന്നുവരുകയാണ്. ഒന്നേകാൽ ലക്ഷം ഏക്കർ കൃഷിഭൂമിയാണ്
അന്ന് പിടിച്ചെടുത്തത്.ഇപ്പോൾ തോട്ടത്തിനകത്ത് തോട്ടേതര ഭൂമി ഇന്റർപേഴ്സ്ഡ് ലാൻഡ് എന്ന പേരിൽ ഉണ്ട്. ഇവ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.
2013ൽ സംഭവിച്ചത്
# തോട്ടഭൂമിയിൽ 5 ശതമാനം സ്ഥലത്ത് കൃഷികൾ ചെയ്യാനും ഔഷധ തോട്ടം വളർത്താനും ടൂറിസം പദ്ധതികൾ നടപ്പാക്കാനും യു.ഡി.എഫ് സർക്കാർ അനുമതി നൽകി.
# ആയിരം ഏക്കർ തോട്ടമുള്ളയാൾക്ക് അമ്പത് ഏക്കർ കൃഷിഭൂമി കൈവശം വയ്ക്കാം എന്ന സ്ഥിതിയായി.
# ഭൂപരിഷ്കരണ നിയമത്തിൽ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സ്ഥലം പതിനഞ്ച് ഏക്കറായിരിക്കേ പുതിയ തീരുമാനം നിയമവിരുദ്ധമാണെന്ന വാദവുമായി ഇടതുപക്ഷം ചെറുത്തു.
ഭൂപരിഷ്കരണം പാലിച്ച്
കൃഷി ചെയ്യാൻ
തോട്ടങ്ങളിലെ അഞ്ചോ പത്തോ ശതമാനം സ്ഥലം സർക്കാർ റിസർവ് ചെയ്ത് വ്യക്തികൾക്കോ സൊസൈറ്രികൾക്കോ പാട്ടത്തിന് നൽകി കൃഷി ചെയ്യിക്കാം.