tv

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിന് സാഹചര്യമില്ലാതിരുന്ന 25 വിദ്യാർത്ഥികൾക്ക് ടിവി വാങ്ങി നൽകി മാതൃകയായി പോത്തൻകോട് ഗവ. യു.പി സ്കൂൾ അധികൃതർ. 1200 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലെ, ഓൺലൈൻ പഠന സൗകര്യമില്ലാത്ത 25 കുട്ടികൾക്കായി 23 ടെലിവിഷനാണ് നൽകിയത്. പ്രഥമാദ്ധ്യാപകൻ എം. സലാഹുദീൻ സഹപ്രവർത്തകരുടെ പിന്തുണയോടെ പൊതുസമൂഹത്തിൽ നിന്നും സമാഹരിച്ച ടെലിവിഷനുകളുടെ വിതരണം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. എം. സലാഹുദീൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, ഗ്രാമപഞ്ചായത്തംഗം എസ്.വി. സജിത്, എ.ഇ.ഒ ഇന്ദു, ബി.പി.ഒ എ.കെ. നൗഷാദ്, സുരേഷ് ബാബു, ലയൺസ് മുൻ ഗവർണർ എ.കെ അബ്ബാസ്, കെ. സുരേഷ് കുമാർ, ആർ. സന്ധ്യാറാണി എന്നിവർ പങ്കെടുത്തു.