കോഴിക്കോട്: നഗരത്തിൽ വൻ കഞ്ചാവുവേട്ട. 52 കിലോ കഞ്ചാവുമായി കൊടുവള്ളി കരുവൻപൊയിൽ വി. നിഷാദുദ്ദീൻ (33), താനൂർ സുമാജിയാന്റകത്ത് എസ്.സുബീർ (25) എന്നിവരെയാണ് ടൗൺ പൊലീസ് പിടികൂടിയത്. സൗത്ത് ബീച്ചിൽ ദുരൂഹസാഹചര്യത്തിൽ നിറുത്തിയിട്ട ഒരു കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ പാക്കറ്റുകളിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്.
കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. സ്കൂൾ,കോളേജ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവരുടെ സ്ഥിരം ഉപഭോക്താക്കളാണ്. പിടിയിലായവർ കഞ്ചാവുകടത്തുസംഘത്തിലെ കണ്ണികളാണെന്നാണ് കരുതുന്നത്. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.