തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗക്കാർക്ക് വിവിധ വകുപ്പുകളിൽ സംവരണം ചെയ്ത രണ്ടായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ, ഒഴിവുകൾ കണ്ടെത്താനുള്ള സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ എംപ്ലോയ്‌മെന്റ് സെൽ (ബി) നിറുത്തലാക്കാനുള്ള നീക്കം സംവരണഅട്ടിമറി നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്. 87 വകുപ്പുകളിലെ വാർഷിക അവലോകനവും, പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്ന സെല്ലിനെ, എ സെക്ഷനിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി പുറത്തുകൊണ്ടുവന്ന വാർത്ത ഗൗരവത്തോടെയാണ് പൊതുസമൂഹം കാണേണ്ടത്. ഒഴിവുള്ള തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടക്കാത്ത അവസ്ഥയാകും ഇതിലൂടെ ഉണ്ടാകുക. വിഷയം ഗൗരവത്തോടെ കാണാൻ സർക്കാർ തയ്യാറാകണമെന്നും ഒഴിവുള്ള മുഴുവൻ തസ്തികയിലും നിയമനം നടത്തണമെന്നും ശരത്ചന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു.