sonia-gandhi

ന്യൂഡൽഹി: അതിർത്തിയിലെ പ്രശ്‌നങ്ങളടക്കം രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് പ്രധാന കാരണം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ കഴിവുകേടും തെറ്റായ നയങ്ങളുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി, കൊവിഡ് മഹാമാരിയുടെ വ്യാപനം, ഇപ്പോൾ ചൈനയുമായുള്ള അതിർത്തി തർക്കം ഈ പ്രതിസന്ധികളുടേയെല്ലാം പ്രധാന കാരണം എൻ.ഡി.എ സർക്കാരിന്റെ കെടുകാര്യസ്ഥതയും അവർ പിന്തുടരുന്ന തെറ്റായ നയങ്ങളുമാണെന്നും സോണിയഗാന്ധി വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിമർശനം.

കൊവിഡ് കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ നടപടികളെ വിമർശിച്ച സോണിയഗാന്ധി, ഇന്ധനവില വർദ്ധനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയും ഭയവും അപകടവുമാണ് ഇതിന്റെ പരിണിതഫലമെന്നും അവർ വ്യക്തമാക്കി.

സർക്കാർ സ്ഥിതിഗതികൾ മോശമായി കൈകാര്യം ചെയ്തുവെന്ന തോന്നൽ ജനങ്ങൾക്കിടയിൽ വളരുന്നുണ്ട്. എന്താണ് വരാനിരിക്കുന്നതെന്ന് അറിയില്ലെങ്കിലും, ഭൂപ്രദേശപരമായ നമ്മുടെ അഖണ്ഡത കാത്തു സൂക്ഷിക്കാനുള്ള സർക്കാരിന്റെ കർമ്മപരിപാടികൾ തീരുമാനിക്കേണ്ടത് പക്വത നിറഞ്ഞ നയതന്ത്രവും കരുത്തുറ്റ നേതൃത്വവുമാണെന്നും സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.