delhi

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ ജാമിയ മിലിയ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി സഫൂറ സർഗറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗർഭിണിയായ സഫൂറയ്ക്ക് മാനുഷിക പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്ന അപേക്ഷയെ കേന്ദ്ര സർക്കാർ എതിർത്തില്ല. ഡൽഹിയിലുണ്ടാകണമെന്ന ഉപാധിയാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത മുന്നോട്ടുവച്ചത്. പതിനായിരം രൂപ ബോണ്ടുൾപ്പെടെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡൽഹി വിട്ടുപോകുമ്പോൾ കോടതിയെ അറിയിക്കണം. 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ സഫൂറയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ജാമിയ മിലിയ സർവകലാശാലയിലെ എം.ഫിൽ വിദ്യാർത്ഥിനിയാണ് സഫൂറ. ഭീകരവിരുദ്ധ നിയമപ്രകാരവും യു.എ.പി.എ പ്രകാരവുമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്‌. ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ സഫൂറ, അറസ്റ്റിലാകുന്ന സമയത്ത് ഗർഭിണിയായിരുന്നു. ഗർഭകാലത്തിന്റെ 23ആം ആഴ്ചയിലാണ് ഇപ്പോള്‍ സഫൂറക്ക് ജാമ്യം ലഭിക്കുന്നത്.