prathi

വെമ്പായം: കള്ളിക്കാട്ട് പുതിയ ക്രഷർ യൂണിറ്റിന് പഞ്ചായത്ത് ലൈസൻസ് നൽകിയതിനെതിരെ ബി.ജെ.പി മാണിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ട്രഷറർ ജെ.ആർ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. നാനൂറ്റി അൻപതോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന, രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്ന പ്രദേശത്ത് ക്രഷർ യൂണിറ്റിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് സമീപം ബഡ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിശോധിക്കാതെയാണ് പഞ്ചായത്ത് കമ്മിറ്റി ലൈസൻസ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമരത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ. ഷിജു അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി നേതാക്കളായ വിജയകുമാർ, മുരളി കൃഷ്ണൻ, അഭിലാഷ് പാറപ്പൊറ്റ, ജയകുമാർ, ഉദയകുമാർ, പള്ളിപ്പുറം വിനോദ്, ശ്യാംകൃഷ്ണ, വൈശാഖ് വിജയ്, പ്രദീപ്, കുതിരകുളം സുരേന്ദ്രൻ, പ്രഫുല ചന്ദ്രൻ, അജിത് ബാലചന്ദ്രൻ, പഞ്ചായത്തംഗം വിജയകുമാർ എന്നിവർ നേതൃത്വം നൽകി.