നെയ്യാറ്റിൻകര: സൂര്യദേവും സഹോദരി സൂര്യഗായത്രിയും തങ്ങളുടെ കുടക്ക പൊട്ടിച്ചത് ഓൺ ലൈൻക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത സഹപാഠികൾക്ക് ടിവി വാങ്ങാനായി. മഞ്ചവിളാകം ഗവ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സൂര്യദേവും രണ്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി സൂര്യഗായത്രിയുമാണ് ഒന്നരവർഷം കൊണ്ട് നിറച്ച ലഘു സമ്പാദ്യപ്പെട്ടി പൊട്ടിക്കാൻ തയ്യാറായത്. അച്ഛൻ ബിജുവും അമ്മ സിമിയും മക്കളുടെ ആഗ്രഹം അറിഞ്ഞപ്പോൾ തന്നെ സമ്മതം മൂളി. കാര്യം അറിഞ്ഞപ്പോൾ സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും സഹ അദ്ധ്യാപകരും കൂട്ടുകാരും ഏറെ ഹാപ്പി. ഒടുവിൽ കുടുക്ക പൊട്ടിച്ചപ്പോൾ ലഭിച്ചത് നാലായിരത്തി മുന്നൂറ്റി പന്ത്രണ്ട് രൂപ. നെയ്യാറ്റിൻകര ഡിപ്പോയിലെ മെക്കാനിക്കൽ ചാർജ് മാനായ മലയിക്കട സിമി ഭവനിൽ ബിജു കെ.എസ്.ആർ.ടി.ഇ.എ നേതാക്കളെ വിവരം ധരിപ്പിച്ച ശേഷം മക്കളുടെ സമ്പാദ്യത്തോടൊപ്പം തന്റെ വിഹിതവും ചേർത്ത് അയ്യായിരം രൂപ ട്രേഡ് യൂണിയൻ ഭാരവാഹികളെ ഏൽപ്പിച്ചു.സുമനസുകളായ ജീവനക്കാർ എ.ടി.ഒയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ ഭേദമന്യേ ദൗത്യത്തിൽ പങ്കാളികളായതോടെ ടി.വി ക്കുള്ള തുക റെഡി. ഇന്ന് രാവിലെ പത്തിന് സൂര്യദേവിന്റെയും സൂര്യഗായത്രിയുടെയും സാന്നിധ്യത്തിൽ കെ.ആൻസലൻ എം.എൽ.എ ടിവി മഞ്ചവിളാകം സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ, പി.ടി.എ.പ്രസിഡന്റ് ബിജു എന്നിവർക്ക് കൈമാറും. താമസിക്കുന്ന ഈ ചുണക്കുട്ടികൾ മുമ്പ് പ്രളയകാലത്ത് കുടുക്കയിലെ നിക്ഷേപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് നൽകിയിരുന്നു.