pic

തിരുവനന്തപുരം: കൊവിഡ് ഭയം മൂലമുള്ള സുരക്ഷാപരിശോധനയിലെ ഇളവുകൾ മുതലെടുത്ത് സംസ്ഥാനത്തേക്ക് വൻ സ്വർണ്ണക്കടത്ത്. ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന ചാർട്ടേഡ് വിമാനങ്ങളിൽ ടിക്കറ്റും പ്രതിഫലവും വാഗ്ദാനം ചെയ്ത് രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളാണ് ഇതിന് പിന്നിൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ച് കിലോ സ്വർണമാണ് കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. കൊവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കാത്ത് നിൽക്കുന്ന യുവാക്കളെ കാരിയർമാരാക്കിയാണ് കള്ളക്കടത്ത്. വിമാനടിക്കറ്റും സ്വർണത്തിന്റെ വിലയ്ക്കനുസരിച്ച പ്രതിഫലവും വാഗ്ദാനം ചെയ്താണ് ഇവരെ കാരിയ‌ർമാരാക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ വിമാനടിക്കറ്റിനുള്ള പണത്തിന് പോലും നിവൃത്തിയില്ലാതെ വലയുന്നവരെ ഏജന്റുമാരുടെ സഹായത്തോടെ വശീകരിച്ചാണ് കള്ളക്കടത്തിന് ഉപയോഗിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ‌ർ വെളിപ്പെടുത്തി.കൊവിഡ് കാരണം യാത്രക്കാരെ വിശദമായി പരിശോധിക്കില്ലെന്ന ഏജന്റുമാരുടെ ഉറപ്പിലാണ് പലരും കളളക്കടത്തിന് കൂട്ടുനിൽക്കുന്നത്. ബിസ്ക്കറ്റ് രൂപത്തിലും കനംകുറഞ്ഞ തകിടുകളാക്കിയുംമിശ്രിത രൂപത്തിലും മലദ്വാരത്തിലും മറ്റും ഒളിപ്പിച്ചാണ് കടത്ത്. കൊവിഡ് ഭയന്ന് കസ്റ്റംസ് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരെ പഴയതുപോലെ വിശദമായി പരിശോധിക്കാറില്ലെന്ന തോന്നൽ വന്നതോടെയാണ് സ്വർണ്ണത്തിന് നിത്യവും വിലകൂടുന്ന സാഹചര്യം മുതലെടുത്ത് കള്ളക്കടത്ത് ആരംഭിച്ചത്.

റാസൽഖൈമയിൽ നിന്ന് എത്തിയ കണ്ണൂർ സ്വദേശി ജിതിനാണ് ഇന്ന് സ്വർണകടത്തിനിടെ പിടിയിലായത്. മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വർണം കൊണ്ടുവന്നത്. സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിലാണ് ജിതിൻ എത്തിയത്. 30 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്നലെ കരിപ്പൂരിൽ രണ്ട് ചാർട്ടേഡ് വിമാനങ്ങളിലെത്തിയ തലശ്ശേരി സ്വദേശികളായ നസിഫുദ്ദീനിൽ നിന്നും 288 ഗ്രാമും ഫഹദിൽ നിന്നും 287 ഗ്രാമും കണ്ണൂർ പാനൂർ സ്വദേശി ബഷീറിൽ നിന്നും 475 ഗ്രാം സ്വർണവും പിടികൂടി. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് 81 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ചാർട്ടേഡ് ഫ്ളൈറ്റുകളിൽ കള്ളക്കടത്ത് വർദ്ധിച്ചതോടെ വിമാനത്താവളങ്ങളിൽ കസ്റ്റംസും ഡി.ആർ.ഐയും പരിശോധന ശക്തമാക്കി.പി.പി.ഇ കിറ്റുകളും കൈയ്യുറയും ധരിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കുന്നതിനൊപ്പം കള്ളക്കടത്ത് കണ്ടെത്താൻ നൂതന ശാസ്ത്രീയ മാർഗങ്ങളും അവലംബിച്ചതായി ഡി.ആർ.ഐയും കസ്റ്റംസും വെളിപ്പെടുത്തി.