സർക്കാർ ഉത്തരവ് ഭൂമാഫിയകളെ സഹായിക്കാനെന്ന് ആക്ഷേപം
തിരുവനന്തപുരം: ആദിവാസികളുടെ വനാവകാശരേഖകൾ റദ്ദാക്കി, സ്വകാര്യവ്യക്തികൾക്ക് റവന്യൂ പട്ടയമായി പതിച്ചുനൽകാനുള്ള സർക്കാർ ഉത്തരവ് ഏഴായിരത്തോളം ആദിവാസി കുടുംബങ്ങളെ പെരുവഴിയിലാക്കുമെന്ന് ആശങ്ക.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഏഴായിരത്തോളം കുടുംബങ്ങളുടെ വനാവകാശരേഖകളാണ് റവന്യൂവകുപ്പ് ഈ മാസം രണ്ടിന് ഇറക്കിയ ഉത്തരവനുസരിച്ച് റദ്ദാക്കപ്പെടുന്നത്. കേരളമൊട്ടാകെ ആദിവാസികളുടെ പതിനായിരക്കണക്കിന് വ്യക്തിഗത വനാവകാശവും ഇതോടെ നഷ്ടപ്പെട്ടേക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. റവന്യൂ രേഖകളിൽ പുരയിടം, തരിശ്, നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ളതുമായ കൈവശഭൂമി 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടിക വിഭാഗക്കാർ ഉൾപ്പെടെയുള്ള സ്വകാര്യവ്യക്തികൾക്ക് പതിച്ചുനൽകാനാണ് ഉത്തരവ്.
മലയരയ സമുദായ സംഘടനകളുടെ ഹർജിയിൽ, അവരെ സഹായിക്കാനെന്ന പേരിലാണ് ഉത്തരവിറക്കിയത്. എന്നാൽ, മുതുവൻ, മന്നാൻ, ഊരാളി തുടങ്ങി പരമ്പരാഗതമായി കാട്ടിൽ കൃഷി ചെയ്ത് ജീവിക്കുന്നവരെ ദ്രോഹിക്കുന്നതാണ് ഉത്തരവെന്ന് ആദിവാസി ഗോത്രമഹാസഭ ചൂണ്ടിക്കാട്ടുന്നു. ഇത് കാടിന്റെ മക്കളെ കാട്ടിൽ നിന്നിറക്കി അടിമവേലയ്ക്ക് നിർബന്ധിതമാക്കുന്നതാണ് പതിച്ചുനൽകുന്ന ഭൂമി, ക്വാറി മാഫിയകളുടെയും കൈയേറ്റക്കാരുടെയും റിസോർട്ട് ലോബികളുടെയും റിയൽ എസ്റ്റേറ്റുകാരുടെയും കൈയിലെത്തുമെന്ന് പരിസ്ഥിതിവാദികളും ആശങ്കപ്പെടുന്നു. ആദിവാസികൾക്ക് 2006ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം കിട്ടിയ ഭൂമി തരം മാറ്റാനോ, മറിച്ചുവിൽക്കാനോ പറ്റില്ല. തൊടുപുഴയിലെ ചില പട്ടികവർഗക്കാർ വനം, റവന്യൂ പരിശോധനാ റിപ്പോർട്ടിലില്ലാത്തതിനാൽ പട്ടയം ലഭിക്കുന്നില്ലെന്ന് കാട്ടിയാണ് മലയരയ സംഘടന സർക്കാരിനെ സമീപിച്ചത്.
സെറ്റിൽമെന്റുകളും വനാവകാശനിയമവും
റിസർവ് വനത്തിലെ ആദിവാസികളുടെ കാർഷിക, ആവാസ സ്ഥലങ്ങളാണ് സെറ്റിൽമെന്റുകൾ. ഇവയിലേറെയും വനംവകുപ്പിന്റെ ജണ്ടകൾക്ക് പുറത്താണ്. ആദിവാസികളുടെ ദൈനംദിന ജീവിതത്തെ, വന്യജീവികളെയെന്നപോലെ നിയന്ത്രിക്കാൻ 1964ലെ ഹിൽമെൻസ് റൂൾ വനംവകുപ്പിന് അധികാരം നൽകിയത് ഹൈക്കോടതി റദ്ദാക്കി. 1980ലെ വനസംരക്ഷണ നിയമപ്രകാരം ആദിവാസികൾ വനത്തിൽ നിന്ന് കുടിയിറക്കപ്പെടുന്നത് തടയാനാണ്, 2006ൽ വനാവകാശനിയമം പാർലമെന്റ് പാസാക്കിയത്.
" ആദിവാസി ഭൂമി തട്ടിയെടുക്കാൻ ഭൂമാഫിയയ്ക്ക് കൂട്ടുനിൽക്കുന്നതിൽ നിന്ന് ഇടതുസർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരും"
- എം. ഗീതാനന്ദൻ, സി.എസ്. മുരളി,
ആദിവാസി ഗോത്രമഹാസഭ