kovalam

 123 വർഷങ്ങൾ പിന്നിടുമ്പോഴും

കോവളം: തെക്കൻ പളനിയെന്ന് ഗുരുദേവൻ നാമകരണം ചെയ്ത കുന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വികസനം ഇന്നും അകലെ. കേന്ദ്രസർക്കാരിന്റെ ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് ഇല്ലാതായതോടെ കുന്നുംപാറ ക്ഷേത്രത്തിന്റെ വികസനവും സംരക്ഷണവുമാണ് വഴിമുട്ടിയത്. സ്വദേശി ദർശൻ പദ്ധതിയിലാണ് 9 കോടിയോളം രൂപ ചെലവിട്ട് നിർമ്മാണം നടത്താൻ നിശ്ചയിച്ചിരുന്നത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഭാരവാഹികളുടെ അഭിപ്രായം കൂടി പരിഗണിച്ച് ആർക്കിടെക്ട് മധുകുമാർ തയ്യാറാക്കിയ വിശദ പദ്ധതി രേഖ കേന്ദ്രത്തിനുനൽകി. ശ്രീകോവിലിന്റെ മുൻവശത്തെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ സർക്യൂട്ടിന്റെ ഭാഗമായി ഒരുക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ കൊവിഡ് 19നെ തുടർന്ന് കേന്ദ്രസർക്കാർ പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു. അതേസമയം പദ്ധതി താത്കാലികമായി നിറുത്തിവച്ചതാണെന്നാണ് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടവർ പറയുന്നത്.

മറ്റ് പദ്ധതികൾ

 ഓപ്പൺ എയർ തിയേറ്റർ

 ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ

 1000 പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാല

 ആരോഗ്യ ശുശ്രൂഷാകേന്ദ്രം

 ഔഷധ സസ്യ തോട്ടം

 ജലസംഭരണി

 മഴവെള്ള സംഭരണി

 പാർക്കിംഗ് സൗകര്യം

 സൗരോർജ പ്ലാന്റ്

ഗുരുദേവ ചൈതന്യം നിറ‌ഞ്ഞ ക്ഷേത്രം:

കുന്നും പാറ ക്ഷേത്രത്തിലെ പേക്കൂത്ത് തുള്ളലുകളും നരബലിയും മറ്റും അറിഞ്ഞ് ഗുരുദേവൻ അത്യധികം വ്യാകുലപ്പെട്ടിരുന്നു. അക്കാലത്ത് ഈ പ്രദേശത്ത് അനേകർ മാറാരോഗമായ പറങ്കിപ്പുണ്ണ് പിടിപെട്ട് തീരാദുരിതം അനുഭവിച്ചിരുന്നു. അതിന്റെ പ്രധാനകാരണം ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണെന്ന് ഗുരുദേവൻ അരുളിയിരുന്നു. ഇവിടത്തെ കൊടിയ ഭൂത പിശാചുക്കളെ നിഷ്‌കാസനം ചെയ്ത് തത്‌സ്ഥാനത്ത് കരുണാമൂർത്തിയായ ശ്രീസുബ്രഹ്മണ്യ സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് നിർദ്ദേശിച്ചു. കാലതാമസം കൂടാതെ കൊല്ലവർഷം 1071 വൃശ്ചികം പതിനേഴിന് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം ഗുരുദേവന്റെ തൃക്കരങ്ങളാൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതൽ ഗുരുദേവ വചനം പോലെ മണി നാദത്തിന്റെയും ശംഖ് നാദത്തിന്റെയും അലകൾ എത്തുന്ന ദൂരത്തിൽ ജനങ്ങളുടെ രോഗങ്ങൾക്കും കഷ്ടപ്പാടുകൾക്കും ശമനമുണ്ടായി.

ചരിത്ര ശേഷിപ്പ്

ഇവിടത്തെ മഠത്തിലാണ് ഗുരുദേവൻ പലപ്പോഴും വിശ്രമിച്ചിരുന്നത്. ഗുരുദേവന്റെ അന്നത്തെ ശയനമുറിയിൽ കട്ടിലും ചാരുകസേരയും ഊന്നുവടിയും മറ്റും ഭദ്രമായും പരിശുദ്ധമായും ഇന്നും സൂക്ഷിച്ചുവരുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള അറബിക്കടലിന്റെ മനോഹാരിത കുന്നുംപാറയുടെ മാറ്റുകൂട്ടുന്നു. മാത്രമല്ല കിഴക്കുവശത്താണ് മഹാഭാരത കഥയിലെ അശ്വത്ഥാമാവ് ഏറെക്കാലം വസിച്ചിരുന്നതായി പറയപ്പെടുന്ന മുനിപ്പാറ നിലകൊള്ളുന്നത്.