karkkidaka-vavu

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്കീ‍ഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനിച്ചു. അടുത്തമാസം 20നാണ് കർക്കടകവാവ്. കർക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ ഭക്തർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം എല്ലാവർഷവും ഉണ്ടാകാറുണ്ട്.

ബലിതർപ്പണത്തിനായി പല ക്ഷേത്രങ്ങളിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. സംസ്ഥാനത്തും രാജ്യത്തിന്റെ ഇതരഭാഗത്തും കൊവിഡിന്റെ വ്യാപനം നാൾക്കുനാൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കേണ്ടതായുണ്ട്. ബലിതർപ്പണ ചടങ്ങിൽ സാമൂഹ്യ അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.

മാത്രമല്ല ബലിതർപ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങൾ തർപ്പണത്തിന് മുമ്പും ശേഷവും കൂട്ടായി വെള്ളത്തിൽ ഇറങ്ങുന്ന പതിവും ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ഒ‍ഴിവാക്കേണ്ടതായതിനാലാണ് ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.