നെടുമങ്ങാട് : സിവിൽ സപ്ലൈസിൽ നടക്കുന്ന കെടുകാര്യസ്ഥതയും മറിമായങ്ങളും കുംഭകോണവും വെളിച്ചത്തുകൊണ്ടുവന്നതിലൂടെ കേരളകൗമുദി ചരിത്രപരമായ ദൗത്യം നിർവഹിച്ചിരിക്കുകയാണെന്നും മഹാമാരികാലത്ത് 5 കോടിയോളം രൂപയുടെ ഭക്ഷ്യധാന്യം ഗോഡൗണുകളിൽ പുഴുവരിച്ച സംഭവത്തിൽ ഭക്ഷ്യമന്ത്രി രാജിവയ്ക്കുകയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും വേണമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.എ. ബാഹുലേയൻ ആവശ്യപ്പെട്ടു. നല്ലയിനം ധാന്യങ്ങൾ പിന്നാമ്പുറങ്ങളിലൂടെ കറുത്ത കരങ്ങളിലേക്കും തിരികെ എലികൾക്കു പോലും വേണ്ടാത്ത നാറുന്ന ഇനവുമാണ് കഴിഞ്ഞ കുറേക്കാലമായി ഗോഡൗണുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി അടക്കമുള്ളവർ ഇതൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്നും ബാഹുലേയൻ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.