തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപന സാദ്ധ്യതകൾക്ക് തടയിടുന്നതിനായി ആൾക്കൂട്ടങ്ങൾ
ഒഴിവാക്കാൻ കർശന നടപടികളുമായി തലസ്ഥാന നഗരസഭ. നടപടികളുടെ ഭാഗമായി ആളുകൾ കൂടുതലായി വന്നുപോകുന്ന നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല, പാളയം, എന്നിവിടങ്ങളിൽ അമ്പത് ശതമാനം കടകളേ വരും ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കൂ. ഒന്നിടവിട്ട ദിവസങ്ങളിലായി മുഴുവൻ കടകൾക്കും തുറക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.പ്രധാന മാളുകളിലെ സൂപ്പർമാർക്കറ്റുകളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. വ്യാപാരി വ്യവസായികളുടെയും മാളുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മേയർ കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ചാല, പാളയം തുടങ്ങിയ മാർക്കറ്റുകളിലെ പച്ചക്കറിക്കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. ഇറച്ചിക്കടകൾ, പലചരക്ക്, മറ്റിതര കടകളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തനം. മത്സ്യം വിൽക്കുന്ന കടകളും അമ്പത് ശതമാനമായി നിജപ്പെടുത്തും.
മത്സ്യ ലേലം എടുത്തിട്ടുള്ള കോൺട്രാക്ടർമാർ വഴി ടോക്കൺ സിസ്റ്റം ഏർപ്പെടുത്തിയായിരിക്കും ക്രമീകരണം. തെരുവോരങ്ങളിൽ മത്സ്യം വിൽക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. മാർക്കറ്റുകളിൽ പ്രവേശനം നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കും.
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും മാളുകളിലെ സൂപ്പർമാർക്കറ്റുകൾ
തുറന്ന് പ്രവർത്തിക്കുക.ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഹോം ഡെലിവറി ഡേയാക്കി പ്രവർത്തനം പുനക്രമീകരിക്കും.പത്ത് ദിവസത്തേക്കാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ ആൾക്കൂട്ടം കുറയ്ക്കാൻ കഴിഞ്ഞാൽ വീണ്ടും യോഗം ചേർന്ന് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത് പരിശോധിക്കുമെന്നും മേയർ അറിയിച്ചു.നഗരത്തിലെ തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ കടകളിലും സാനിട്ടൈസറും കൈ കഴുകാനുള്ള സംവിധാനവും ശാരീരിക അകലവും ഉറപ്പാക്കണം. മാസ്‌ക് ധരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. അല്ലാത്ത പക്ഷം കടകൾ അടച്ച് പൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് മേയർ അറിയിച്ചു.രാത്രി ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളിലും തട്ടുകടകളിലും നിയന്ത്രണങ്ങൾ കർശനമായും പാലിക്കണം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലുള്ള നാല് ഹെൽത്ത് സ്‌ക്വാഡുകളും നിരത്തിലിറങ്ങും.
ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭ മെയിൻ ഓഫീസിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആളുകളെ പൂർണ്ണമായും ഓഫീസിനകത്ത് പ്രവേശിപ്പിക്കാതെ പുറത്ത് കൗണ്ടർ സ്ഥാപിച്ച് ആവശ്യങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനകൾക്ക് വിധേയമായി ടോക്കൺ അടിസ്ഥാനത്തിൽ മാത്രമെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. നഗരം സമൂഹ വ്യാപനത്തിലേക്കും സമ്പൂർണ്ണ അടച്ചിടലിലേക്കും പോകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങളെന്ന് മേയർ പറഞ്ഞു.