ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല. വടക്കൻ സുലവേസിയിൽ നിന്നും 97.5 കിലോമീറ്റർ തെക്ക് - കിഴക്കൻ മേഖലയിൽ ഗോറോൻറ്റാലോയാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രം. ചെറിയ തുടർ ചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. 2018ൽ സുലവേസി ദ്വീപിലെ പാലുവിലുണ്ടായ ഭൂചലനത്തിലും ഇതിന്റെ ഫലമായുണ്ടായ സുനാമിയിൽ 4,300 പേർ മരിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.5 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.