കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട് വാർഡിലെ മാതാനഗർ - വരിപ്പാറമുകൾ പ്രദേശവാസികളുടെ സ്വപ്നമാണ് ഇതുവഴി സഞ്ചാര യോഗ്യമായ ഒരു റോഡ്. വലിയ കയറ്റിറക്കത്തോട് കൂടിയ റോഡ് മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതിനെ തുടർന്ന് തകർന്നു. അതോടെ ഇതു വഴിയുള്ള യാത്രയും ദുഷ്കകരമായി. മാറി മാറി വരുന്ന ത്രിതല പഞ്ചയത്ത് സമിതി അംഗങ്ങളോട് റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രദേശവാസികൾ കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ ഓഫീസിലെത്തി റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് 4,95,000 രൂപ എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ചു. ഈ തുക റോഡ് കോൺക്രീറ്റ് ചെയ്യാനും മഴവെള്ളപ്പാച്ചിലിനെ തുടർന്ന് ഒലിച്ച് പോയ പ്രദേശങ്ങളിൽ സൈഡ് വാൾ നിമ്മാണത്തിനുമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള അഡ്മിനിസ്ട്രേറ്റീവ്-ടെക്നിക്കൽ അനുമതികളും ലഭിച്ചിരുന്നു. അഡ്മിന്സ്ട്രേറ്റീവ്-ടെക്നിക്കൽ അനുമതികളും ലഭിച്ചു. തുടർന്ന് യോഗം ചേർന്ന് കമ്മിറ്റിയെ തിരഞ്ഞെടുത്ത് റോഡിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് നിർമ്മാണം തടസപ്പെടുത്തിയെന്ന് പ്രദേശവാസികൾ പറയുന്നു. നിർമ്മാണം പകുതിക്ക് നിറുത്തിയതോടെ റോഡിന്റെ അവസ്ഥയും ശോച്യമായി. സൈഡ് വാൾ നിർമ്മാണത്തിനായി നിർമ്മിച്ച കുഴികൾ ഇടിഞ്ഞ് തുടങ്ങിയതോടെ ഈ റോഡിലൂടെയുള്ള കാൽനടയാത്രയും ദുഷ്കരമായി.
റോഡ് വികസനം പാതി വഴിയിൽ
റോഡ് നിർമ്മാണത്തിനായി നിർമ്മാണക്കമ്മിറ്രിയെ തിരഞ്ഞെടുക്കാൻ യോഗം വിളിച്ചെങ്കിലും പൂവച്ചൽ ഗ്രാമഞ്ചായത്ത് അധികൃതർ എത്തിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് ബ്ളോക്ക് പഞ്ചയാത്ത് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേരുകയും നിർമ്മാണ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ എഗ്രിമെന്റ് വച്ച് റോഡ് പണി തുടങ്ങുകയും ചെയ്തു. പണി തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഗ്രാമപഞ്ചായത്ത് ഇടപെട്ട് പണി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാർ എം.എൽ.എയെ സമീപിച്ചപ്പോൾ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നടക്കുന്ന പണികൾ നിറുത്തി വയ്ക്കാൻ ജില്ലാ കളക്ടർക്ക് മാത്രമേ അധികാരമുള്ളൂ എന്ന് അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. ഇരുവിഭാഗവും തമ്മിലുള്ള തർക്കം റോഡ് വികസനത്തെ പാതിവഴിയിലാക്കിയിരിക്കുകയാണ്.