
തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി ചൈനീസ് അതിർത്തിയിൽ പോരാടുന്ന ധീരസൈനികർക്കൊപ്പം നിൽക്കുമ്പോൾ സി.പി.എമ്മിനും കോൺഗ്രസിനും ചൈന പക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഇന്ത്യക്കെതിരായ ചൈനീസ് അതിക്രമത്തിനും സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും രാജ്യവിരുദ്ധനയങ്ങൾക്കുമെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി.നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1962ലെ യുദ്ധം മുതൽ ചൈനീസ് ചാരപ്പണി ചെയ്യുന്നവരാണ് സി.പി.എം. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വശക്തികൾ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് സി.പി.എം നേതാക്കൾ പറഞ്ഞതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സോണിയയും രാഹുലും കോൺഗ്രസും ചൈനയ്‌ക്കൊപ്പമാണ്.സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ചൈനവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതിർത്തിയിൽ കൊല്ലപ്പെട്ട സൈനികരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ചടങ്ങ് ആരംഭിച്ചത്. കൊവിഡ് പ്രൊട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ആർ.ഗോപൻ, വി.പി.ശിവരാമൻ, ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്.രാജീവ്, കൗൺസിലർമാരായ ബീന ആർ.സി, മഞ്ജു പി.വി എന്നിവർ പങ്കെടുത്തു.