വിതുര: വാമനപുരം നദിയിൽ പൊന്നാംചുണ്ടിൽ നിർമ്മിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നു. പത്ത് കോടി രൂപ ചെലവിട്ടാകും നിർമ്മാണം നടക്കുക. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. നിർമ്മാണം ആരംഭിക്കുന്നതിനായി 17 സർവേ നമ്പരുകളിലുള്ള ഭൂമിയിൽ പുത്തുപേരുടേത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായും എം.എൽ.എ പറഞ്ഞു. വസ്തു വിട്ട് നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തതായും എം.എൽ.എ പറഞ്ഞു. അവശേഷിക്കുന്ന രജിസ്ട്രേഷൻ നടപടികളും പൂർത്തിയായിവരുന്നു. വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുണ്ടായ കാലതാമസമാണ് പാലത്തിന്റെ നിർമാണത്തിന് തടസമായിരുന്നത്. ദർഘാസ് നടപടികളും അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ എം.എൽ.എ യോഗം വിളിച്ചു. ചീഫ് എൻജിനിയർ,സൂപ്രണ്ടിംഗ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
പൊൻമുടി വനമേഖലയിൽ ശക്തമായ മഴ പെയ്താൽ കല്ലാർ നിറഞ്ഞൊഴുകുകയും പൊന്നാംചുണ്ട് പാലം വെള്ളത്തിൽ മുങ്ങുന്നതും പതിവാണ്. തുടർന്ന് ഗതാഗതതടസവും അനുഭവപ്പെടും. മാത്രമല്ല തെന്നൂർ,പൊന്നാംചുണ്ട്,കുണ്ടാളംകുഴി,നരിക്കല്ല് എന്നീ മേഖലകൾ ഒറ്റപ്പെടുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടി കേരള കൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മുൻ സ്പീക്കറും, എം.എൽ.എയുമായിരുന്ന ജി. കാർത്തികേയൻ പുതിയ പാലം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുകയായിരുന്നു.
പാലത്തിനായി അനുവദിച്ച തുക- 10 കോടി
ഭൂമി വിട്ടു നൽകാൻ നാട്ടുകാർ വിമുഖത കാട്ടിയതോടെ നിർമ്മാണപ്രവർത്തനങ്ങൾ വൈകി.
വിതുര-പെരിങ്ങമ്മല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് പാലം നിർമ്മിക്കുന്നത്.
പാലം വന്നാൽ പാലോട്,പെരിങ്ങമ്മല,മടത്തറ മേഖലകളിൽ എളുപ്പത്തിൽ എത്താം.
പാലത്തിന് വേണ്ടി തിരഞ്ഞെടുപ്പ് ബഹിഷ്കരണവും ഇവിടെ അരങ്ങേറിയിട്ടുണ്ട്.