congress

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി. ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടും കേന്ദ്രം എന്ത് നടപടിയെടുത്തുവെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ആരും കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്തു കൊണ്ടാണ്. പിന്നീട് വിശദീകരണവുമായി വന്നതിന് എന്താണ് കാരണമെന്നും കോൺഗ്രസ് ചോദിക്കുന്നു.

ഇന്ധന വില വർദ്ധന സർക്കാരിന്റെ ദയാരഹിത നടപടിയാണെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. അതിർത്തിയിലെ പ്രതിസന്ധിക്ക് സമയബന്ധിതമായി പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതര സ്ഥിതിയിലേക്ക് പോകുമെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗും പ്രവർത്തക സമിതി യോഗത്തിൽ മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി സേനയെ ചതിച്ചുവെന്നായിരുന്നു രാഹുൽഗാന്ധി പ്രവർത്തകസമിതിയിൽ പറഞ്ഞത്. സർക്കാരിന്റെ നയതന്ത്ര ചർച്ചകൾ പരാജയമായതിന്റെ ഫലമായി രാജ്യ സുരക്ഷയും ഭൂപ്രദേശ സമഗ്രതയും പ്രതിസന്ധിയിലാണ്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും രാഹുൽ പ്രവർത്തകസമിതിയിൽ അഭിപ്രായപ്പെട്ടു.