കൂത്തുപറമ്പ്:ആയുധങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി കൂത്തുപറമ്പ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ്സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയായിരുന്നു പൊലീസിന്റെ പരിശോധന.
ജില്ലയുടെ വിവിധ മേഖലകളിൽ അക്രമസാദ്ധ്യത നിലനിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കൂത്തുപറമ്പ് മേഖലയിൽ പൊലീസ് റെയ്ഡ് നടത്തിയത്. വേങ്ങോട് പഞ്ചായത്തിലെ പടുവിലായി, മാങ്ങാട്ടിടം പഞ്ചായത്തിലെ കിണറ്റിന്റവിട ഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്. നേരത്തെ ഈ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനകളിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനകളെത്തുടർന്നായിരുന്നു റെയ്ഡ്. എന്നാൽ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
ചേതക് എന്ന പൊലീസ് നായയുടെ സഹായത്തോടെയായിരുന്നു പരിശോധന. ബോംബ് സ്ക്വാഡ് എസ്.ഐ.ജിയാസ്, ഡോഗ് സ്ക്വാഡ് എസ്.ഐമാരായ ശശിധരൻ, കെ. സരീഷ്, കൂത്തുപറമ്പ് അഡീഷണൽ എസ്.ഐമാരായ അജിത്ത് കുമാർ, എം.കെ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കൂത്തുപറമ്പ് പൊലീസ്.