general

ബാലരാമപുരം: കനത്ത മഴയിൽ തകർന്ന വീടിന്റെ ബാക്കി ഭാഗത്ത് ജീവൻ പണയം വച്ച് കഴിയുന്ന നിർദ്ധന കുടുംബം സർക്കാർ ഭവന പദ്ധതിക്കായി അപേക്ഷ നൽകിയിട്ടും പരിഗണിക്കുന്നില്ലെന്ന് പരാതി. പള്ളിച്ചൽ പഞ്ചായത്തിലെ ഒമ്പതാം വാർഡായ താന്നിവിള കുഴിവിള വീട്ടിൽ അജിത് കുമാർ - ജയലത ദമ്പതികളാണ് വീട് 2018 ൽ തകർന്ന വീട്ടിൽ അജീഷ് (പത്താം ക്ലാസ്)​,​ അജിന,​അജില (ഒമ്പതാം ക്ലാസ്)​,​ അനീഷ് (ആറാം ക്ലാസ് ) എന്നീ നാലുമക്കളുമായി ഭയപ്പാടോടെ കഴിയുന്നത്. ടാർപ്പോളിൻ മൂടികെട്ടിയ വീട് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഗ്രാമസഭയിലും പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകിയിട്ടും, വാർഡ് മെമ്പറോട് നിരവധി തവണ പരാതിപ്പെട്ടിട്ടും ജയകുമാറിന് വീട് ലഭിച്ചില്ലെന്നാണ് പരാതി. ഇതേത്തുടർന്ന് അജിത് കുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ലൈഫ് ഭവനപദ്ധതി സപ്ലിമെന്ററി ലിസ്റ്റിൽ അജിത് കുമാറിനെയും ഉൾപ്പെടുത്തി. പിന്നീട് വി.ഇ.ഒ ആവശ്യപ്പെട്ടതുപ്രകാരം രേഖകൾ ഹാജരാക്കിയെങ്കിലും ഇതുവരെയും വീട് അനുവദിച്ചിട്ടില്ല. കൊവിഡും ലോക്ക് ഡൗണും കാരണം ആട്ടോ ഡ്രൈവറായ അജിത്കുമാറിന് വരുമാനവും കുറവാണ്. വീട്ടിൽ ടിവി സൗകര്യമില്ലാത്തതിനാൽ രണ്ട് കിലോമീറ്ററിനപ്പുറം കസ്തൂർബാഗ്രാമീണ ഗ്രന്ഥശാലയിൽ ഓൺലൈൻ പഠനത്തിനായി അനീഷും അജിനയും അജിലയും പോയിവരികയാണ്. അധികാരികൾ എത്രയും പെട്ടെന്ന് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

അർഹതപ്പെട്ടവരെ പരിഗണിക്കും

വീട് ഇല്ലാത്തവർക്ക് വാർഡ് മെമ്പർമാർ തരുന്ന ലിസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പ‌ഞ്ചായത്തിൽ ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ പറഞ്ഞു. തികച്ചും സുതാര്യമായാണ് നടപടികൾ നടന്നുവരുന്നത്. ആനുകൂല്യം നിഷേധിച്ചത് സംബന്ധിച്ച് പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ സപ്ലിമെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അപേക്ഷ പരിഗണിക്കേണ്ടെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. വി.ഇ.ഒയുമായി ചർച്ച നടത്തി നേരത്ത ലഭിച്ച അപേക്ഷകൾ തള്ളിക്കളയാതെ അർഹതപ്പെട്ട നിർദ്ധന കുടുംബങ്ങൾക്ക് വീട് നൽകാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കും.

 തകർന്ന വീടിനു മുന്നിൽ ജയലതയും മക്കളും