നെടുമങ്ങാട്: രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട് റവന്യൂ ഡിവിഷൻ ഓഫീസിന് സ്വന്തമായൊരു മന്ദിരം ഒരുങ്ങുന്നു. നഗരസഭ നിയന്ത്രണത്തിലുള്ള അരശുപറമ്പ് വാർഡിലെ അര ഏക്കറോളം റവന്യൂ പുറമ്പോക്കിലാണ് ആർ.ഡി ആഫീസ് മന്ദിര നിർമ്മാണത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകൾ ഉൾപ്പെടുത്തി 2018 മേയിൽ നെടുമങ്ങാട് ആസ്ഥാനമായി ആരംഭിച്ച റവന്യൂ ഡിവിഷൻ ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ടൗണിൽ നിന്ന് മാറി വാളിക്കോട് നിന്നും കൊപ്പത്തേക്ക് പോകുന്ന ബൈറൂട്ടിൽ ഒരു കിലോ മീറ്റർ സഞ്ചരിച്ചാലേ ഈ വാടകക്കെട്ടിടത്തിൽ എത്തിച്ചേരാനാവു. നഗരഹൃദയമായ കച്ചേരിനടയിൽ നിന്ന് 70 രൂപ നൽകി ആട്ടോറിക്ഷ പിടിച്ചു വേണം ഇവിടെയെത്താൻ. ഗതാഗതത്തിനും വാഹന പാർക്കിംഗിനും സൗകര്യമില്ലാത്തതിനാൽ ജീവനക്കാരും പൊതുജനങ്ങളും നന്നേ ബുദ്ധിമുട്ടിയിരുന്നു. ആർ.ഡി ഓഫീസിൽ എത്താനുള്ള ദുർഘടാവസ്ഥ കണക്കിലെടുത്ത് നെയ്യാറ്റിൻകര താലൂക്ക് അടുത്തിടെ തിരുവനന്തപുരം ഡിവിഷനിലേക്ക് മാറ്റി. കാട്ടാക്കട, മലയിൻകീഴ്, വെഞ്ഞാറമൂട് ഭാഗങ്ങളിൽ നിന്നെത്തുന്നവർ ഇപ്പോഴും ആർ.ഡി ഓഫീസ് തേടി അലയുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കെട്ടിടം ഒരുക്കി കൊടുക്കാമെന്ന നഗരസഭയുടെ ഉറപ്പിലാണ് ആർ.ഡി ഓഫീസ് നെടുമങ്ങാട്ട് അനുവദിച്ചത്. ടൗൺ എൽ.പി.എസിന് എതിർവശത്തെ മുനിസിപ്പൽ കോംപ്ലക്സിൽ മുറി ഒരുക്കിയെങ്കിലും ഇവിടെ ഓഫീസ് പ്രവർത്തനം പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു റവന്യൂവിഭാഗം. ഇതേത്തുടർന്നാണ് കൊപ്പം റോഡിലെ വാടക കെട്ടിടത്തിൽ ഓഫീസ് സജ്ജമാക്കിയത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർ.ഡി ഓഫീസിലെത്താൻ പൊതുജനങ്ങൾ നേരിടുന്ന ബിദ്ധിമുട്ടുകൾ സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മെയിൻ റോഡിന്റെ ഓരത്ത് ബഡ്‌സ് സ്‌കൂളിനും ഹെൽത്ത് സെന്ററിനും സമീപത്തായിരിക്കും അരശുപറമ്പിൽ ആർ.ഡി ഓഫീസിന്റെ ആസ്ഥാനം. ഇത് സന്ദർശകർക്കും സ്ഥലവാസികൾക്കും ഏറെ സ്വീകാര്യമായിട്ടുണ്ട്.
വൈകാതെ തറക്കല്ലിടൽ
അരശുപറമ്പിൽ 70 സെന്റ് സ്ഥലമാണ് നഗരസഭയുടെ അധീനതയിലുള്ളത്. ഇരുപത് സെന്റ് വസ്തുവിൽ നഗരസഭ ബഡ്സ് സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. ശേഷിക്കുന്ന സ്ഥലത്ത് ആർ.ഡി ഓഫീസിനു പുറമെ ആരോഗ്യ സബ് സെന്ററിനും കെട്ടിടം നിർമ്മിക്കാൻ പദ്ധതിയുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്‌സും ഇവിടെ ഉയരുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ കേരളകൗമുദിയോട് പറഞ്ഞു. ഏഴു കോടി രൂപയാണ് മന്ദിരം നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ 3.75 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. നെടുമങ്ങാട് തഹസിൽദാർ എം.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തിയത്. സി. ദിവാകരൻ എം.എൽ.എ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, മുനിസിപ്പൽ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, മുൻസിപ്പൽ എൻജിനിയറിംഗ് സൂപ്രണ്ട് എന്നിവർ സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പാക്കി. ഈ ആഴ്ച തന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് സൂചന.
ആർ.ഡി ഓഫീസിനായി അരശുപറമ്പിൽ കണ്ടെത്തിയത് 50 സെന്റ് സ്ഥലം
മന്ദിര നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത് 7 കോടി രൂപ
നിർമ്മാണത്തിന് അനുവദിച്ച തുക 3.75 കോടി
നിലവിലെ പ്രശ്നങ്ങൾ
നെടുമങ്ങാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ.ഡി ഓഫീസ് നെടുമങ്ങാട് ടൗണിൽ നിന്നും ദുരെയായതിനാൽ അവിടെ എത്താൻ പൊതുജനങ്ങൾ ബുദ്ധിമുട്ടിയിരുന്നു.
ആർ.ഡി ഓഫീസിലെത്താനുളള ഗതാഗത സൗകര്യവും കുറവാണ്
വാടക കെട്ടിടത്തിലെ പരിമിതികൾക്കുള്ളിൽ പ്രവർത്തിച്ചിരുന്നതിനാലുള്ള ബുദ്ധിമുട്ടുകളും ഏറെ
വാടക കെട്ടിടത്തിൽ പാർക്കിംഗ് സൗകര്യമില്ലാത്തതും ജീവനക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു