corona-virus

വർക്കല: നിരീക്ഷണത്തിലായിരുന്ന 48കാരനായ പ്രവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇലകമൺ ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രത. രോഗിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കിത്തുടങ്ങി. മേയ് 29ന് അബുദാബിയിൽ നിന്നും നാട്ടിലെത്തിയ ഇയാൾ ഏഴ് ദിവസം സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലും പിന്നീട് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. വിമാനത്തിൽ ഒപ്പം സഞ്ചരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണ കാലാവധി പൂർത്തിയാക്കി തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ക്വാറന്റൈൻ വിടുതൽ സർട്ടിഫിക്കറ്റും വാങ്ങിയ ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ പ്രവാസി സമീപത്തെ ബാർബർ ഷോപ്പിലും പോയിരുന്നു. മാതാപിതാക്കൾ ഉൾപ്പെടെ ഇയാളുമായി സമ്പർക്കമുണ്ടായിരുന്നതായി കരുതുന്ന 35ഓളം പേരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇയാൾ പോയ ഊന്നിൻമൂട്ടിലെ ബാർബർഷോപ്പ് ആരോഗ്യവിഭാഗം അടപ്പിക്കുകയും ഷോപ്പുടമയെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.