olympic-day


തിരുവനന്തപുരം: ആരോഗ്യമുള്ള ഭാവിക്കായി കരുത്തുള്ള ശരീരം ആവശ്യമാണെന്നും ഇതിന് കായിക പരിശീലനം പ്രധാനമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ശാരീരികക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവും കൈവരികയുള്ളുവെന്നും എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം രാജ്ഭവനിൽ ദീപശിഖ തെളിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. പരസ്‌പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വീട്ടിലിരിക്കൂ, ശക്തരായിരിക്കൂ, ആരോഗ്യവാന്മാരായിരിക്കൂ' എന്നതാണ് ഇത്തവണത്തെ ഒളിമ്പിക് ദിന പ്രമേയം. ചടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷനായി. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്രകടനവും നടന്നു. ഗവർണറുടെ വാച്ച് അപ്രത്യക്ഷമായത് കണ്ടെത്തിയതും പെട്ടിയ്ക്കുള്ളിൽ നിന്ന് ദീപശിഖയുമായി ഒളിമ്പ്യൻ എ.രാധികാ സുരേഷ് പുറത്തുവന്നതും കൗതുകമായി. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രസിംഗ് ദൊഡാവത്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ,സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, സ്‌പോർട്സ് വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.