oommenchandi

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആര് കക്ഷിനേതാവാകുമെന്നതിനെ ചൊല്ലി കോൺഗ്രസിൽ ചർച്ച സജീവമാക്കി നേതാക്കളുടെ പ്രതികരണം. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നത് ഇവിടെയല്ലെന്നും രമേശ് ചെന്നിത്തല ശക്തമായി പ്രതിപക്ഷത്തെ നയിക്കുകയാണെന്നും കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതോടെയാണ് ശ്രദ്ധ അതിലേക്ക് തിരിഞ്ഞത്. മറ്റു നേതാക്കൾ പ്രതികരണം തുടങ്ങിയതാേടെ ഇപ്പോൾ ചർച്ച ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ വ്യക്തമാക്കി.

കേരളം വിട്ടൊരു രാഷ്ട്രീയമില്ലെന്നും തന്റെ തട്ടകം കേരളമാണെന്നുമുള്ള ഹൈക്കമാൻഡിലെ ശക്തനും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം വിഷയത്തിന് പുതിയ മാനം നൽകി.

ഇതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുമെന്ന് ഉമ്മൻചാണ്ടി ഇന്നലെ രാവിലെ വ്യക്തമാക്കിയത്.

രമേശ് ചെന്നിത്തല യു.ഡി.എഫിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനെയും ഫലപ്രദമായി നയിക്കുന്നുവെന്നാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ പ്രതികരിച്ചത്. ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തിൽ തൽപ്പരനായ നേതാവാണ് കെ.സി. വേണുഗോപാൽ എന്നും ബെന്നി ബെഹനാൻ പറഞ്ഞു.