തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധത്തിൽ ജാഗ്രതക്കുറവ് വരുത്തരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ തദ്ദേശഭരണ സ്ഥാപന പ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രതയിൽ പ്രാദേശിക തലത്തിൽ കുറവുണ്ടായെന്നാണ് കാണുന്നത്. കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കണം. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന വോളന്റിയർമാർക്ക് പ്രതിഫലം നൽകുന്ന കാര്യം പരിഗണനയിലാണ്. കൂടിതൽ ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ നിർബന്ധമായും ഒഴിവാക്കണം. മരണത്തിനും വിവാഹത്തിനും നിബന്ധനകൾ പാലിക്കാതെ ആളുകൾ പോകാൻ പാടില്ല. സർക്കാർ പരിപാടികളിലും പഞ്ചായത്തുകളുടെ പരിപാടികളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കളക്ടർ നവജ്യോത് ഖോസ, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
--------------------------------
ബ്രേക്ക് ദ ചെയിൻ പരിപാടി
കാര്യക്ഷമമാക്കണം
സോപ്പും വെള്ളവും പൊതു
ഇടങ്ങളിൽ ലഭ്യമാക്കണം
മാസ്‌ക് ഉപയോഗവും സാമൂഹിക
അകലവും പാലിക്കണം
ആട്ടോകളിൽ സഞ്ചരിക്കുന്നവർ
നമ്പർ എഴുതി സൂക്ഷിക്കണം