ബാലരാമപുരം: കൊവിഡ് സ്ഥിരീകരിച്ച കുവൈറ്റിൽ നിന്നെത്തിയ ബാലരാമപുരം മണലി സ്വദേശികൾക്ക് പൊതുജനസമ്പർക്കം ഇല്ലാത്തതിനാൽ ബാലരാമപുരം ഹോട്ട് സ്പോട്ട് ആക്കേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ. കഴിഞ്ഞ 19ന് എത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ പോസിറ്റീവ് ആയതോടെ കഴിഞ്ഞ ദിവസം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ പ്രത്യേകം സജീകരിച്ച കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നാട്ടിൽ എത്തിയ ഇവർ അന്നേ ദിവസം തന്നെ ബാലരാമപുരം സി.എച്ച്.സിയിൽ റിപ്പോർട്ട് ചെയ്ത് ഹോംക്വാറന്റൈൻ സ്വീകരിക്കുകയായിരുന്നു. ജാഗ്രതാനിർദ്ദേശങ്ങളുടെ ഭാഗമായി സി.എച്ച്.സി മൈക്ക് അനൗൺസ്മെന്റ് ആരംഭിച്ചതായി മെഡിക്കൽ ഓഫീസർ ആർ.എം.ബിജു പറഞ്ഞു. മാസ്കും സാനിറ്റൈസറും നിർബന്ധമാക്കണമെന്നും ഇവ കൂടാതെ പൊതുജനസമ്പർക്കം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിനോടും പൊലീസിനോടും സി.എച്ച്.സി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ഓട്ടോറിക്ഷ, സമാന്തര സർവീസ് വാഹനഡ്രൈവർമാരും യാത്രക്കാരും മാസ്ക് ധരിക്കുന്നില്ലെന്ന് കാണിച്ച് സി.എച്ച്.സി അധികൃതർ സി.ഐ ജി.ബിനുവിന് പരാതിയും നൽകിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടും പരിസരവും ഇന്ന് അണിവിമുക്തമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ അറിയിച്ചു. ബാലരാമപുരം ഹോട്ട് സ്പോട്ട് മേഖലയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കളക്ടറിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ഐ അറിയിച്ചു.