തിരുവനന്തപുരം: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഓഫീസ് സ്റ്റാച്യു ചിറക്കുളം റോഡിൽ പ്രവർത്തനം ആരംഭിച്ചു. കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം ജില്ലാ അസോസിയേഷൻ ചെയർമാൻ കെ.എസ്. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, പൊലീസുദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, കായിക താരങ്ങൾ എന്നിവർക്ക് സൗജന്യമായി മാസ്‌കുകൾ നൽകുന്നതിന്റെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് നിർവഹിച്ചു. ജില്ലയിലെ അൻപതിലധികം കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിച്ച് നടത്തിയ സൈക്കിൾബൈക്ക് റാലികൾ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് രഘുചന്ദ്രൻ നായർ ഫ്ളാഗ്ഓഫ് ചെയ്തു. സംസ്ഥാന ട്രഷറർ എം.ആർ. രഞ്ജിത്ത്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ എന്നിവർ സംസാരിച്ചു. ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ സ്വാഗതവും നരേന്ദ്രനാഥ് നന്ദിയും പറഞ്ഞു.