തിരുവനന്തപുരം: ഒാൺലൈൻ ക്ലാസുകൾ തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും , ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളിലെ പകുതിയോളം കുട്ടികളുടെയും പഠനം പാഠപുസ്തങ്ങളില്ലാതെ.
ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ ലഭ്യമാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ 35 ലക്ഷത്തോളം കുട്ടികളിൽ പകുതിയിൽപ്പരം പേർക്കാണ് ഇതിനകം പുസ്തകങ്ങൾ ലഭിച്ചത്. സ്കൂളിലെത്താൻ പറ്റാത്ത സാഹചര്യത്തിൽ, 15 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഇത് വെല്ലുവിളിയാണ്. പഠനം ഗൗരവത്തോടെ തുടരാൻ കഴിയുന്നില്ലെന്നാണ് പരാതി. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് പുസ്തകം നോക്കി പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾക്കും സാധിക്കുന്നില്ല. ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് വേണ്ടത് 2.81 കോടി പാഠപുസ്തകങ്ങളാണ്.
കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൈസൈറ്റി (കെ.ബി.പി.എസ്) വഴി സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് സൗജന്യമായും, സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പണം വാങ്ങിയുമാണ് പുസ്തകങ്ങൾ നൽകുന്നത്. അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾ മാർച്ച് മാസം പണമടച്ചിട്ടും പുസ്തകങ്ങൾ ലഭിച്ചില്ല. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 60 ശതമാനം മാത്രമാണ് വിതരണം പൂർത്തിയായത്. വടക്കൻ ജില്ലകളിലെ മിക്ക സ്‌കൂളുകളിലും 50 ശതമാനത്തോളവും. എല്ലാ ജില്ലാ ഡിപ്പോകളിലും പുസ്തകങ്ങൾ എത്തിയിട്ടുണ്ടെന്നും ലോക്ക് ഡൗൺ മൂലമാണ് വിതരണം പൂർത്തിയാക്കാനാവാത്തതെന്നുമാണ് അധികൃതർ പറയുന്നത്. കെ.ബി.പി.എസിന്റെ നേതൃത്വത്തിൽ നടന്നിരുന്ന പുസ്തക വിതരണം ഇത്തവണ കുടുംബശ്രീയെ ഏൽപ്പിച്ചതാണ് വൈകാൻ കാരണമെന്നും പറയുന്നു.
''ചില പ്രദേശങ്ങൾ ഹോട്ട് സ്പോട്ടായതും, മഴ മൂലമുള്ള തടസങ്ങളുമാണ് പുസ്തകവിതരണം വൈകിച്ചത്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. ഈ മാസം അവസാനത്തോടെ പുസ്തകങ്ങൾ പൂർണമായി വിദ്യാർത്ഥികളിലെത്തിക്കും.
- കെ. ജീവൻ ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ.
''സ്‌കൂളുകൾ എന്ന് തുറക്കുമെന്ന് വ്യക്തമായി പറയാനാവില്ല. പുസ്തകമില്ലാതെ ഫോണിലോ ലാപ്‌ടോപിലോ മാത്രം നോക്കി പഠിക്കുന്നത് കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കും''.
- ആനന്ദ് കണ്ണശ,
ജനറൽ സെക്രട്ടറി, സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോ.