തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ നഗരസഭ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കാവൂയെന്നും നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും നഗരസഭയിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിൽ മേയർ കെ. ശ്രീകുമാർ അറിയിച്ചു. പത്തുദിവസം കടുത്ത നിയന്ത്രണമേർപ്പെടുത്തും. നഗരം പൂർണമായും അടച്ചിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മേയർ പറഞ്ഞു. കണ്ടെയ്‌ൻമെന്റ് സോണുകൾ പൂർണമായും അടച്ചിട്ടതിനുപുറമേ വ്യാപാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ഇന്ന് മുതൽ കർശന നിയന്ത്രണം കൊണ്ടുവരും. നഗരത്തിൽ തുറന്നുപ്രവർത്തിക്കുന്ന മുഴുവൻ കടകളിലും സാനിറ്റൈസറും കൈ കഴുകാനുള്ള സംവിധാനവും ശാരീരിക അകലവും ഉറപ്പാക്കണം. മാസ്‌ക് ധരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. അല്ലാത്തപക്ഷം കടകൾ അടച്ച് പൂട്ടി ലൈസൻസ് റദ്ദാക്കും. രാതി ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളിലും തട്ടുകടകളിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഇവിടങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലുള്ള നാല് ഹെൽത്ത് സ്‌ക്വാഡുകൾ പരിശോധന നടത്തും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച നഗരസഭ ഓഫീസിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുറത്ത് കൗണ്ടർ സ്ഥാപിച്ച് ആവശ്യങ്ങളുടെ സ്വഭാവമനുസരിച്ച് കർശനമായ പരിശോധന നടത്തിയശേഷം ടോക്കൺ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.
കർശന നിർദ്ദേശങ്ങൾ
------------------------------------------------------
തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ
മാളുകളിലെ സൂപ്പർമാർക്കറ്റുകൾ തുറന്ന് പ്രവർത്തിക്കും
ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാളുകളിലെ
സൂപ്പർമാർക്കറ്റുകളിൽ പ്രവേശനമില്ല
( ഹോം ഡെലിവറി പ്രവർത്തനം കാര്യക്ഷമമാക്കും )
നിയന്ത്രണം ലംഘിച്ചാൽ കടയുടെ ലൈസൻസ് റദ്ദാക്കും
പാളയം, ചാല മാർക്കറ്റുകളിൽ ആളുകൾ
എത്തുന്നതിൽ നിയന്ത്രണം
മാർക്കറ്റുകളിൽ പകുതി കടകൾ വീതം
ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കും
പഴം, പച്ചക്കറി കടകൾ തിങ്കൾ, ചൊവ്വ,
വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാം.
മത്സ്യവില്പനക്കാർ 50 % മാത്രം
മത്സ്യലേലം എടുത്തിട്ടുള്ള കോൺട്രാക്ടർമാർ
വഴി ടോക്കൺ ഏർപ്പെടുത്തി ക്രമീകരണം
തെരുവോരങ്ങളിൽ മത്സ്യം വിൽക്കുന്നതിനും
നിയന്ത്രണങ്ങൾ ഉണ്ടാകും