തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരെ ഈ വർഷം ഹജ്ജിന് അയക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. തീർത്ഥാടകരുടെ പണം മുഴുവനായും തിരിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ ആവശ്യപ്രകാരമാണ് തീരുമാനം. 2,13,000 അപേക്ഷകളാണ് ഈ വർഷം ഹജ്ജിനായി ലഭിച്ചത്. നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കു തുക മടക്കി നൽകാനുള്ള നടപടി ആരംഭിച്ചു.2300 ൽ അധികം സ്ത്രീകൾ മെഹ്റം (സഹയാത്രികൻ) ഇല്ലാതെ ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. ഇവർക്കും,. ഇനി അപേക്ഷിക്കുന്ന സ്ത്രീകൾക്കും അടുത്ത വർഷത്തെ ഹജ്ജിന് അനുമതി നൽകും.
ഈ വർഷത്തെ ഹജ് റദ്ദാക്കില്ലെന്ന് സൗദിയിലെ ഹജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിൽ കഴിയുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കു മാത്രമാണ് ഇത്തവണ തീർത്ഥാടനത്തിന് അവസരം. സുരക്ഷാ മുൻകരുതലുകളും സാമൂഹ്യ അകലവും പാലിച്ചാവും കർമ്മങ്ങൾ.