cm

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശത്തെ ന്യായീകരിക്കാൻ മാത്രം അപമാനകരമായ അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

മുഖ്യമന്ത്രി നേരത്തേ പറഞ്ഞിട്ടുള്ള പദപ്രയോഗങ്ങളുടെ അത്രയൊന്നും മുല്ലപ്പള്ളി പറഞ്ഞത് വരില്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോൾ, ആ പ്രയോഗങ്ങൾക്കൊക്കെ താൻ അന്നേ മറുപടി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം.മുല്ലപ്പള്ളി പറഞ്ഞത് കോൺഗ്രസിന്റെ ശുദ്ധവാക്കുകളാണെന്നല്ലേ പ്രതിപക്ഷനേതാവ് പറഞ്ഞത്. വിവേകമുള്ളവരെല്ലാം മുല്ലപ്പള്ളിയെ അപലപിക്കാൻ തയാറായിട്ടുണ്ട്. വേണ്ടാത്ത കാര്യങ്ങൾക്ക് വക്കാലത്തെടുക്കാൻ ആരും തയാറാകരുത്. നാടാകെ ഒന്നിച്ച് ഒരു ദുരന്തത്തിനെതിരെ പോരാട്ടം നടത്തുന്നു. അതിന് നേതൃത്വം കൊടുക്കുന്ന മന്ത്രിയെ ഒറ്റപ്പെടുത്തി ഹീനമായ പദപ്രയോഗങ്ങളുപയോഗിച്ച് അധിക്ഷേപിച്ചതിനെയാണ് ഞാൻ അപലപിച്ചത്. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത് അത്യന്തം ഹീനമാണ്. അതാണ് കോൺഗ്രസിന്റെ വാക്കുകളെങ്കിൽ . അതാണോ നീതീകരിക്കപ്പെടേണ്ടത്.

പി.കെ. കുഞ്ഞനന്ദന്റെ മരണാനന്തരച്ചടങ്ങിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിട്ട് ആർക്കുമെതിരെ നടപടിയെടുക്കാതെ, പ്രതിപക്ഷസമരത്തിൽ പങ്കെടുത്തവർക്കെതിരെ മാത്രം കേസെടുക്കുന്നുവെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, മരണസ്ഥലത്ത് ആളുകൾ പോയതാണോ, നേതാക്കൾ തിക്കിത്തിരക്കി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതാണോ അനുകരണീയ മാതൃകയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. കഴിഞ്ഞ ദിവസം ഫാദർ കിണറ്റിൽ വീണ് മരിച്ചപ്പോൾ അവിടെ ആളുകൾ കൂടിയല്ലോ. നമ്മുടെ നാട്ടിലെ സ്ഥിതിയനുസരിച്ച്, ആരെങ്കിലും മരിച്ചാൽ ആളുകൾ ഓടിയെത്തും.

മഹാദുരന്തത്തെ കൊള്ളയ്ക്കുള്ള അവസരമാക്കുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തെയും മുഖ്യമന്ത്രി പരിഹസിച്ച് തള്ളി. " അവരവർ പഠിച്ചതല്ലേ പാടാനാകൂ. ഇതുപോലെ ഒരവസരം കിട്ടിയിട്ട് എന്തെങ്കിലുമൊക്കെ ഉണ്ടാക്കേണ്ടേയെന്ന തരത്തിലാണവർ പെരുമാറ്റം. നമ്മൾ പഠിച്ചത് ആ കളരിയിലല്ല. ഈ മഹാ ദുരന്തത്തിൽ കഴിയാവുന്നത്ര ആളുകളെ രക്ഷിക്കാനാവണം. അതിനുള്ള നടപടിയാണ് നോക്കുന്നത്. അതിലെവിടെയും കൊള്ളയില്ല"..മഹാദുരന്തത്തെ നേരിടാൻ മതിയായ ഡേറ്റാശേഖരണം വേണ്ടിവരും. അതിനായിരുന്നു സ്പ്രിൻക്ലർ ഏർപ്പാട്. പമ്പയിൽ അടിഞ്ഞുകൂടിയ മണലെടുക്കണമെന്നായിരുന്നു അവിടെ ഉയർന്ന ആവശ്യം. ഇതൊന്നും കൊള്ളയല്ല. മുഖ്യമന്ത്രി സൈബർ ഗുണ്ടയുടെ നിലവാരത്തിലേക്ക് താഴുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന്, മുഖ്യമന്ത്രിയുടെ ചോദ്യം ഇങ്ങനെ: "ഇതിന് നിങ്ങൾ എന്ത് മറുപടിയാണ് പ്രതീക്ഷിക്കുന്നത്? "