qr-code

തിരുവനന്തപുരം : ലക്ഷണങ്ങളില്ലാതെയും ഉറവിടമറിയാതെയും സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലെന്ന പേലെ വീടുകൾക്കുള്ളിലും പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീട്ടിനുള്ളിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കണം. പ്രായമായവരുമായും കുട്ടികളുമായും അടുത്തിടപഴകുന്നത് ഒഴിവാക്കണം. വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ വീട്ടിനകത്ത് പ്രായമായവരിലും കുഞ്ഞുങ്ങളിലേക്കും രോഗം പടർത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്.

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത (അസിംപ്റ്റമാറ്റിക്ക്) കേസുകൾ പലയിടത്തായുണ്ടെങ്കിലും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധിയുടെ കാര്യത്തിൽ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആയിരിക്കും. .
രോഗലക്ഷണങ്ങൾ പുറത്തുകാണിക്കാത്തവരിൽനിന്ന് രോഗപകർച്ചയ്ക്കുള്ള സാദ്ധ്യത താരതമ്യേന കുറവാണ്.

ഉറവിടം അറിയാതെ സമൂഹവ്യാപനത്തിലേക്ക്

രോഗത്തിൻറെ ഉറവിടം കണ്ടെത്താൻ പറ്റാത്ത കേസുകൾ സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണെന്ന് മുഖ്യമന്ത്രി. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ അധികമാണ്. സംസ്ഥാനത്ത് ഇത് രണ്ട് ശതമാനത്തിലും താഴെയേയുള്ളൂ. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ പറ്റാത്ത സാഹചര്യങ്ങളിൽ കൃത്യമായ 'ഇന്റർവെൻഷൻ പ്രോട്ടോക്കോൾ' പാലിക്കുന്നുണ്ട്. സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞിട്ടില്ല.

അഞ്ചു ദിവസം 657 രോഗികൾ

വെള്ളി 118

ശനി 127

ഞായർ 133

തിങ്കൾ 138

ചൊവ്വ (ഇന്നലെ) 141

നൂറിൽ കൂടുതൽ രോഗികൾ ചികിത്സയിലുള്ള ജില്ലകൾ

മലപ്പുറം (201)

പാലക്കാട് (154)

കൊല്ലം (150)

എറണാകുളം (127)

പത്തനംതിട്ട (126)

കണ്ണൂർ (120)

തൃശൂർ (113)

കോഴിക്കോട് (107)

കാസർകോട് (102)