തിരുവനന്തപുരം: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിയാൽ തലസ്ഥാന നഗരം ഭാഗികമായി അടച്ചിടും. പത്തിലധികം പേർക്കാണ് തലസ്ഥാന ജില്ലയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാൻ കഴിയാത്തതാണ് അധികൃതർക്ക് തലവേദനയാകുന്നത്. വരും ദിവസങ്ങളിലെ സാഹചര്യം കൂടി കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിനുസരിച്ചാകും അടച്ചിടൽ എങ്ങനെവേണമെന്ന് തീരുമാനിക്കുക. ഇന്നലെ വരെയുള്ള സാഹചര്യത്തിൽ നഗരം അടച്ചിടേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തൽ. പകരം നഗരത്തിലെ നിയന്ത്രണങ്ങൾ കർശനമാക്കും. തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായില്ലെന്നും അത്തരം സാഹചര്യത്തെ തടയുന്നതിനുമാണ് 10 ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നുമാണ് അധികൃതരുടെ പക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ രോഗം ബാധിച്ച മണക്കാട് സ്വദേശിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനും സമ്പർക്കം വഴിയാണ് അസുഖം ബാധിച്ചത്. ഇവർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആട്ടോ ഡ്രൈവർ നഗരത്തിൽ മുഴുവൻ സവാരി നടത്തുകയും സീരിയലിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിലും അത്യാഹിത വിഭാഗത്തിലും ജോലി ചെയ്‌തിരുന്നയാളാണ് രോഗം ബാധിച്ച സുരക്ഷാജീവനക്കാരൻ. നേരത്തെ വെഞ്ഞാറമൂട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെയും കാട്ടാക്കട സ്വദേശിയായ ആശാവർക്കറുടെയും രോഗ ഉറവിടവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗിയുടെ സഞ്ചാരപാത തയ്യാറാക്കി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി സ്രവപരിശോധന നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാർഗമെന്ന് അധികൃതർ പറയുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനപരിശോധനയും പൊലീസ് കർശനമാക്കും.
നെഗറ്റീവ് നൽകുന്ന ആശ്വാസം
നഗരത്തിലെ മണക്കാട്, ആറ്റുകാൽ, കാലടി വാർഡുകളിലെ അഞ്ച് നിയന്ത്രണ മേഖലയിൽ നിന്നായി ഇന്നലെ 46 പേരെ സ്രവ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ ലഭിച്ച 11 ഫലങ്ങളും നെഗറ്റീവാണ്. ഏഴ് ആരോഗ്യ സ്‌ക്വാഡുകൾ 175 വീടുകൾ സന്ദർശിച്ചു. കടകളും പൊതുസ്ഥാപനങ്ങളും അണുവിമുക്തമാക്കി. പകർച്ചപ്പനി ലക്ഷണമുള്ള 7 പേരെ കണ്ടെത്തി സ്രവ പരിശോധന നടത്തി.