ന്യൂഡൽഹി : അർജുന അവാർഡ് നോമിനേഷനിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ച മലയാളി താരം എച്ച്.എസ്. പ്രണോയ് മാപ്പു പറഞ്ഞതായി ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ അറിയിച്ചു.
കഴിഞ്ഞദിവസം അസോസിയേഷൻ പ്രണോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫെബ്രുവരിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഒഴിവാക്കി ബാഴ്സലോണയിൽ നടന്ന പ്രൊഫഷണൽ ടൂർണമെന്റിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു ഷോക്കാസ് നോട്ടീസെങ്കിലും പ്രകോപനമായത് അർജുന ശുപാർശ വിവാദമായിരുന്നു. അതേ സമയം പ്രണോയ്ക്ക് ഒപ്പം ബാഴ്സലോണയിൽ കളിക്കാൻ പോയ കിഡംബി ശ്രീകാന്ത് മാപ്പപേക്ഷ നൽകിയതിനാൽ അദ്ദേഹത്തെ ഖേൽ രത്ന പുരസ്കാരത്തിന് അസോസിയേഷൻ നോമിനേറ്റ് ചെയ്തിരുന്നു.
തുടർച്ചയായ രണ്ടാംവർഷവും തന്നെ അർജുന അവാർഡ് ശുപാർശയിൽ നിന്നും ഒഴിവാക്കിയതാണ് പ്രണോയ്‌യെ പ്രകോപിപ്പിച്ചത്. "കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയവരെ ഒഴിവാക്കി ഒരു മെഡലുമില്ലാത്തവർക്ക് ശുപാർശ നൽകുന്നു. ഇൗ രാജ്യം വലിയൊരു തമാശയാണ് " - എന്നാണ് പ്രണോയ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നത്. അതേ സമയം അസോസിയേഷന്റെ ശുപാർശയിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രണോയ്‌യെ ഇന്ത്യൻ ടീം ചീഫ് കോച്ചും മുൻ അവാർഡ് ജേതാവുമായ പുല്ലേല ഗോപിചന്ദ് ശുപാർശ ചെയ്തിരുന്നു.
പ്രണോയ്‌യുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് കരുതുന്നതായും ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ഹിമാന്ത ബിശ്വ പറഞ്ഞു.