കറാച്ചി : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ളണ്ട് പര്യടനം ആശങ്കയിലാക്കി ടീമിലെ ഏഴ് താരങ്ങൾക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മൂന്നുപേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
ഇംഗ്ളണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ മുഹമ്മദ് ഹഫീസ്, വഹാബ്, റിയാസ്, ഫഖർ സമാൻ,കാഷിഫ് ഭട്ടി, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് റിസ്വാൻ, ഇമ്രാൻഖാൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഷദാബ് ഖാൻ, ഹൈദർ അലി, ഹാരിസ് റവുഫ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. സപ്പോർട്ടിംഗ് സ്റ്റാഫിലെ ഒരാൾക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ച 10 കളിക്കാരും ചെറുപ്പക്കാരും ആരോഗ്യക്ഷമതയുള്ളവരുമാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇവർക്ക് ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ജൂൺ 25 ന് ഒരുവട്ടം കൂടി എല്ലാ കളിക്കാരെയും ടെസ്റ്റിംഗിന് വിധേയരാക്കിയ ശേഷമേ പര്യടനത്തെക്കുറിച്ച് തീരുമാനമെടുക്കൂ എന്ന് പാക് ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ. വാസിം ഖാൻ അറിയിച്ചു.
ജൂലായിലാണ് പര്യടനം. ടീം ജൂൺ 28 ന് ഇംഗ്ളണ്ടിലേക്ക് തിരിക്കാൻ ഇരിക്കുകയായിരുന്നു.